രാജ്യത്തിന് ആവശ്യം പ്രാണവായു, പ്രധാനമന്ത്രിക്കുള്ള വീടല്ല: രാഹുല്‍ ഗാന്ധി

single-img
9 May 2021

രാജ്യത്തിന് ഇപ്പോള്‍ ആവശ്യം പ്രാണവായുവാണെന്നും പ്രധാനമന്ത്രിക്കുള്ള താമസ സൗകര്യമല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോഡിക്ക് വേണ്ടി പുതിയ വസതിയുള്‍പ്പെടെ വരുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവച്ചായിരുന്നു രാഹുലിന്‍റെ വിമര്‍ശന ട്വീറ്റ്.

രാജ്യമാകെയുള്ള കോവിഡ് വ്യാപനത്തിനിടെ 2000 കോടി രൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടുപോകുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി ഇതിനു മുമ്പും രംഗത്ത് വന്നിരുന്നു.

ഇത്തരത്തില്‍ ഒരു പദ്ധതി പാഴ്ചെലവാണെന്നാണ് രാഹുല്‍ കഴിഞ്ഞ ദിവസം ആരോപിച്ചത്. രാജ്യം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന കോവിഡ് സാഹചര്യത്തിലും സെൻട്രൽ വിസ്ത നിർമാണത്തെ അവശ്യസേവന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ജോലികൾ പുരോഗമിക്കുന്നത്.

അതേസമയം, പദ്ധതി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ രംഗത്ത് വന്നിരുന്നു.