റേപ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ: ശ്രീജിത്ത് പണിക്കർക്കെതിരെ സോഷ്യൽ മീഡിയ; ചില നിരീക്ഷകന്മാരെയൊക്കെ ചാനലിൻ്റെ കസേരയിൽ നിന്നിറക്കിവിടേണ്ട സമയമായെന്ന് ശ്രീകണ്ഠൻ നായർ
സമൂഹ മാധ്യമങ്ങളിൽ അങ്ങേയറ്റം നിലവാരമില്ലാത്തതും ആക്ഷേപകരവുമായ പരാമർശങ്ങൾ നടത്തുന്ന ശ്രീജിത്ത് പണിക്കരെ ചാനൽ ചർച്ചകളിൽ നിന്നൊഴിവാക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം. കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ കൊവിഡ്-19 രോഗിയെ സന്നദ്ധ പ്രവർത്തകർ ബൈക്കില്‍ ആശുപത്രിയില്‍ എത്തിച്ച സംഭവവുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണിക്കർ എഴുതിയ “ റേപ് ജോക്കാ“ണ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചിരിക്കുന്നത്.
“ആംബുലന്‍സില്‍ രോഗി മാനഭംഗപ്പെടുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബൈക്കില്‍ അതിനുള്ള അവസരമില്ല“ എന്നായിരുന്നു ശ്രീജിത്ത് പണിക്കരുടെ പോസ്റ്റിലെ പരാമർശം. ശ്വാസം കിട്ടാതെ പിടഞ്ഞുമരിക്കാൻ സാധ്യതയുണ്ടായിരുന്ന ഒരു രോഗിയെ സ്വന്തം ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തിയ യുവാക്കളെ അധിക്ഷേപിച്ചു എന്ന് മാത്രമല്ല അതിനായ ബലാൽസംഗത്തെ ഒരു തമാശയായി പരാമർശിക്കുകയും ചെയ്ത ശ്രീജിത്ത് പണിക്കർ മര്യാദയുടെയും രാഷ്ട്രീയ ശരികളുടെയും എല്ലാ അതിർത്തികളും ലംഘിച്ചുവെന്ന് പലരും വിലയിരുത്തുന്നു.
“പിടഞ്ഞുമരിക്കാൻ പോവുന്നൊരു സഹജീവിയെ മരണത്തിൽ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാൺകെ റേപ്പിന്റെ സാധ്യതകൾ നിരീക്ഷിച്ചു ചിരിക്കുന്നൊരാളിനോട് ഒരു തരത്തിലും സംവദിക്കാൻ എന്നെക്കൊണ്ടാവില്ല.“
എന്നാണ് ചാനൽ ചർച്ചകളിൽ സജീവ സാന്നിദ്ധ്യമായ പ്രേം കുമാർ പ്രതികരിച്ചത്.
ഇത്തരം നിരീക്ഷകന്മാരെ ചാനലിൻ്റെ കസേരകളിൽ നിന്ന് ഇറക്കിവിടാൻ സമയമായെന്ന് തൻ്റെ സുഹൃത്തായ സുപ്രീം കോടതി അഭിഭാഷകൻ പിവി ദിനെശ് തന്നെ ഓർമ്മിപ്പിച്ചുവെന്നും ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവരെ അഭിനന്ദിച്ചില്ലെങ്കിലും തളർത്താൻ ശ്രമിക്കുകയാണ് ഇത്തരം നിരീക്ഷകർ ചെയ്യുന്നതെന്നും 24 ന്യൂസ് ചാനൽ എഡിറ്റർ ശ്രീകണ്ഠൻ നായർ തൻ്റെ പ്രഭാത വാർത്താ പരിപാടിയിൽ പറഞ്ഞു.
“ചാനൽ ചർച്ചക്ക് ശേഷം സഹ പാനലിസ്റ്റുകളെ ഫേസ്ബുക്കിൽ വന്നു തേജോവധം ചെയ്യുക,എതിർ അഭിപ്രായം രേഖപ്പെടുത്തുന്നവരെ അങ്ങേയറ്റം നികൃഷ്ടമായി അധിക്ഷേപിക്കുക, തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ റേയ്പ്പിനെ വരെ സമീകരിച്ച് തമാശയായി അവതരിപ്പിക്കുക“ എന്നീ രീതികളിൽ പെ രുമാറുന്ന “സാമൂഹ്യവിരുദ്ധ നിരീക്ഷക“നാണ് ശ്രീജിത്ത് പണിക്കരെന്ന് സുഭാഷ് നാരായണൻ അഭിപ്രായപ്പെടുന്നു.
“വെറുപ്പ്. അകം തുളച്ചു പുറത്തു ചാടുന്ന അതി തീവ്രമായ വെറുപ്പ്. അതാണ് അവന്റെ ആകെയുള്ള ബൗദ്ധിക ഇന്ധനം. അത് കേരളത്തോട്, മുസ്ലിങ്ങളോട്, ഇവിടത്തെ സാദാ മനുഷ്യരോട്, അങ്ങനെ സംഘിയില്ലാത്ത സകലതിനോടുമുണ്ട്.എന്തിലേക്കും ഏതിലേക്കും കൊണ്ട് വരുന്ന അറപ്പുളവാക്കുന്ന ലൈംഗിക വൈകൃത പരാമർശങ്ങൾ. ഒരാളുടെ അത്യാസന്ന നിലയിൽ പോലും അതിനോട് ചേർത്ത് റേപ്പ് ജോക് അടിക്കുന്ന വെറും മൂന്നാംകിട സൈക്കോ. വിദഗ്ദ്ധമായി പ്രകാശനം ചെയ്യുന്ന വംശ ഹത്യാരാധകൻ. നുണയും ഇരട്ടത്താപ്പും ന്യായ വൈകല്യവും ചേർത്ത് കുഴച്ച സംവാദ രീതി. തുടർന്ന് സെപ്റ്റിക് ടാങ്കിലെ ഈച്ചകളെന്ന പോലെ അയാളുടെ ചുറ്റും പുളയ്ക്കുന്ന സംഘിയീച്ചകളുടെ ഹർഷാരവങ്ങളുടെ നടുവിലേക്ക് സഹ സംവാദകനെക്കുറിച്ചു വൈകൃതം പറഞ്ഞു കൈയ്യടി നേടാൻ നോക്കുന്ന ഫേസ്ബുക് സോഷ്യോപാത്. അങ്ങനെ ഒരു മനുഷ്യൻ എന്തൊക്കെ ആവരുത് എന്നുള്ളതിന്റെ പാരമ്യമാണ് ആ മനുഷ്യ രൂപത്തിലെ കൃമി.”
എന്നാണ് ആർ ജെ സലീം എന്ന ഫെയ്സ്ബുക്ക് യൂസർ ശ്രീജിത്ത് പണിക്കരെ വിലയിരുത്തിയത്.
ഫെയ്സ്ബുക്കിൽ തൻ്റെ പോസ്റ്റുകളിൽ വിമർശനപരമായ കമൻ്റുകൾ ഇടുന്നവരെ മതപരമായി ബ്രാൻഡ് ചെയ്യുകയും അവരെ അച്ഛനും അമ്മയ്ക്കും ചേർത്ത് അസഭ്യം പറയുകയും ചെയ്യുന്ന ശ്രീജിത്ത് പണിക്കരുടെ രീതികൾ നേരത്തേതന്നെ വിമർശന വിധേയമായിരുന്നു.