കിട്ടിയ വോട്ടിൻ്റെ അടിസ്ഥാനത്തിലെങ്കില്‍ ഇടതുപക്ഷത്തിന് രാജ്യത്ത് ഏതു മാധ്യമത്തിലാണ് ഇടം ലഭിക്കുക: സന്ദീപ് വാര്യർ

single-img
7 May 2021

ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക മാധ്യമ പ്രവർത്തക പി ആർ പ്രവീണയും ഒരു പ്രേക്ഷകനും തമ്മിലുള്ള ഫോൺ സംഭാഷണം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. കേരളത്തിലുള്ള ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ബിജെപി വിരുദ്ധത മറ നീക്കി പുറത്തു വരുന്നത് അടുത്ത ദിവസങ്ങളിൽ കണ്ടെന്ന് സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.

മാധ്യമ പ്രവർത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചതെന്നും ലഭിച്ച വോട്ടിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിന് രാജ്യത്ത് ഏതു മാധ്യമത്തിലാണ് ഇടം ലഭിക്കുക എന്നും സന്ദീപ്‌ ചോദിക്കുന്നു.

സന്ദീപ്‌ വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്‌ പൂര്‍ണ്ണരൂപം വായിക്കാം:

ഏഷ്യാനെറ്റിലെ മാധ്യമ പ്രവർത്തക പി ആർ പ്രവീണയുടെ ഫോൺ സംഭാഷണം പുറത്തു വന്നതോടെ അക്കാര്യത്തിലുള്ള പ്രതിഷേധം ഏഷ്യാനെറ്റിലെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിരുന്നു. മാധ്യമ പ്രവർത്തകയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ തെറ്റിനെതിരെ നടപടി സ്വീകരിക്കുമെന്ന ഉറപ്പാണ് ലഭിച്ചത്.

കേരളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകരുടെ ബിജെപി വിരുദ്ധത മറ നീക്കി പുറത്തു വരുന്നത് അടുത്ത ദിവസങ്ങളിൽ കണ്ടു. മീഡിയ വണ്ണിലെ രാജീവ് ദേവരാജ്, ബിജെപിക്ക് മാധ്യമങ്ങൾ കൂടുതൽ സ്പെയ്സ് കൊടുക്കരുതെന്നും സമരങ്ങൾക്ക് കൊടുക്കുന്ന കവറേജ് കൂടുതലാണെന്നുമൊക്കെ വിലപിക്കുന്നത് കണ്ടു.

കിട്ടിയ വോട്ടിൻ്റെ അടിസ്ഥാനത്തിലാണെങ്കിൽ ഇന്ത്യയിലെ ഇടതുപക്ഷത്തിന് രാജ്യത്ത് ഏതു മാധ്യമത്തിലാണ് ഇടം ലഭിക്കുക? ആളെണ്ണമല്ല, ആധാരമായ വിഷയമാണ് സമരത്തിൻ്റെ പ്രാധാന്യം നിശ്ചയിക്കുന്നതെന്ന് അറിയാത്തവനല്ല രാജീവ് ദേവരാജ്. അതു കൊണ്ടാണ് വാളയാറിലെ അമ്മയുടെ സമരം നമുക്ക് പ്രൈം ടൈമിൽ ചർച്ച ചെയ്യേണ്ടി വരുന്നത്. മാധ്യമ പ്രവർത്തനത്തിന് സമൂഹം കൽപ്പിച്ചിട്ടുള്ള മാന്യതയും ഔന്നത്യവും കളഞ്ഞു കുളിക്കരുതെന്നാണ് അഭ്യർത്ഥിക്കാനുള്ളത് .