കിറ്റിനൊപ്പം ഒരുമുഴം കയര്‍ കൂടി വേണമെന്ന് കമന്റ്; കോണ്‍ഗ്രസ് നേതാവിന് കയര്‍ എത്തിച്ചു കൊടുത്ത് ഡിവൈഎഫ്ഐ
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കിറ്റിനൊപ്പം ഒരുമുഴം കയര്‍ കൂടി വെയ്ക്കണമെന്ന്കമന്റിട്ട കോണ്‍ഗ്രസ് നേതാവിന് കയര്‍ എത്തിച്ചു കൊടുത്ത് ഡിവൈഎഫ്ഐ. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍ക്കായിരുന്നു സിപിഎമ്മിന്റെ യുവജന പ്രസ്ഥാനം കയര്‍ നല്‍കിയത്. ഇദ്ദേഹത്തിന്റെ വീടിന്റെ വരാന്തയില്‍ കയര്‍ കൊണ്ടുപോയി വെച്ചുകൊടുത്തു.
കയര്‍ രാജു പി നായരുടെ വീട്ടു വരാന്തയില്‍ കൊണ്ടുവെച്ച വിവരം ഡിവൈഎഫ്ഐ ഫേസ്ബുക്കിലൂടെ പുറത്തറിയിക്കുകയും ചെയ്തു. കയറുമായി നേരിട്ട് കൊടുക്കാനാണ് ചെന്നതെന്നും വീട്ടില്‍ ആളില്ലാത്തതിനാല്‍ വീട്ടുപടിക്കല്‍ വെച്ചിട്ടു പോരുകയായിരുന്നു എന്നും ഡിവൈഎഫ്ഐ ഫെയ്‍സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഗവണ്‍മെന്റ് കിറ്റ് കൃത്യമായി കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കയര്‍ മാത്രമേയുളളൂ കിറ്റ് വച്ചിട്ടില്ലെന്നും പറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് മെയ് 8 മുതല്‍ ലോക്ക്ഡൌണ്‍ ആയിരിക്കുമെന്ന് അറിയിച്ച് കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഫെയ്‍സ്ബുക്ക് പോസ്റ്റിന് താഴെയായിരുന്നു രാജു പി നായരുടെ കമന്റ്. ‘‘അടുത്ത കിറ്റില്‍ ഒരു മുഴം കയറും കൂടെ കൊടുക്കാന്‍ അപേക്ഷ. അടച്ചിടുന്നതില്‍ എതിരല്ല, പക്ഷേ ജനങ്ങളുടെ കൈയില്‍ പണം കൂടെ കൊടുത്ത് വേണം അടച്ചിടാന്‍.’’ എന്നായിരുന്നു രാജു പി നായരുടെ കമന്‍റ്. തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് നാളെ മുതലാണ് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്. ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന വിധമാണ് കോണ്‍ഗ്രസ്സ് നേതാവിന്റെ പ്രതികരണം എന്നും അതാണ് ഇത്തരത്തില്‍ ഒരു പ്രതിഷേധത്തിന് കാരണമായിരിക്കുന്നതെന്നും ഡിവൈഎഫ്ഐ പറഞ്ഞു.
ഡിവൈഎഫ്ഐ മുളന്തുരുത്തി ബ്ലോക്ക് കമ്മിറ്റിയുടെ ഫെയ്‍സ്ബുക്ക് കുറിപ്പ്
കോവിഡ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണാതീതമായി വര്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ക്ഷേമം കണക്കിലെടുത്തു മുഖ്യമന്ത്രി ലോക് ഡൗൺ പ്രഖ്യപിച്ചപ്പോൾ ജനങ്ങളെ ഭീതിയിലാഴ്ത്തും വിധം കമന്റിട്ട് പ്രതികരിച്ച മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമാൻ രാജു പി നായരുടെ ആവശ്യം മനസ്സിലാക്കി DYFI ഉദയംപേരൂർ നോർത്ത് മേഖല കമ്മറ്റി “”ഒരു തുണ്ട് ചരട് “”അദ്ദേഹത്തിന്റെ വീട്ടു പടിക്കൽ വെച്ചിട്ടുണ്ട്.. നേരിട്ട് കൊടുക്കാൻ ആണ് DYFI പ്രവർത്തകർ ചെന്നത്… വീട്ടിൽ അദ്ദേഹം ഇല്ലാത്തത് കൊണ്ട് ഉമ്മറത്ത് വച്ചിട്ടു പോന്നു…
“” കിറ്റ് കൃത്യമായി നമ്മുടെ ഗവണ്മെന്റ് കൊടുക്കും എന്ന് ഉറപ്പുള്ളത് കൊണ്ട് കിറ്റ് വച്ചിട്ടില്ല “”” നിലവിൽ ലഭിക്കുന്ന കിറ്റ് മതിയാകുന്നില്ലെങ്കിൽ അതിനും DYFI മുന്നിൽ തന്നെയുണ്ടാകുമെന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു.