കങ്കണ റണ്ണൗട്ട് ആയതില്‍ സന്തോഷവും ആശങ്കയും പങ്കുവച്ച് റിമാ കല്ലിങ്കൽ
കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. സന്തോഷ പ്രകടനത്തിനൊപ്പം മറ്റൊരു ആശങ്ക കൂടി പങ്കുവക്കുകയാണ് റിമ. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമിലൂടെ മറുപടി പറയവെയാണ് റിമയുടെ പ്രതികരണം. പ്രതീക്ഷ നല്‍കുന്നത് എന്തായിരുന്നുവെന്നാണ് റിമയോട് ഒരാള്‍ ചോദിച്ചത്. കങ്കണയുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത് എന്നതായിരുന്നു അതിന് റിമ നല്‍കിയ മറുപടി.
ട്വിറ്ററിന്റെ നടപടിയില്‍ ‘റണ്‍ ഔട്ട്’ എന്ന് പറഞ്ഞാണ് റിമ സന്തോഷം പ്രകടിപ്പിച്ചത്. ചിരിക്കുന്ന സ്മൈലിയും നടി പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കങ്കണ റണ്‍ ഔട്ട് ആയതില്‍ സന്തോഷമുണ്ട്. എന്നാല്‍ ഇത്തരം നടപടികള്‍ നമുക്കെതിരേയും സംഭവിക്കാം. ഏതെങ്കിലും ഒരു ശക്തി സമൂഹമാധ്യമങ്ങള്‍ ബാന്‍ ചെയ്യുന്നതില്‍ എതിര്‍പ്പുണ്ടെന്നും റിമ അതോടൊപ്പം കുറിച്ചു.
മമത ബാനര്‍ജിക്കെതിരേയായിരുന്നു കങ്കണയുടെ ട്വീറ്റ്. അക്രമങ്ങളെ അക്രമം കൊണ്ട് നേരിടാന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലായിരുന്നു കങ്കണയുടെ പരാമര്‍ശം. ബാംഗാളിനെ മമത മറ്റൊരു കശ്മീരാക്കി മാറ്റുന്നുവെന്നായിരുന്നു കങ്കണയുടെ ആരോപണം.
‘ഇത് ഭയാനകമാണ്…. ഗുണ്ടയെ കൊല്ലാന്‍ സൂപ്പര്‍ ഗുണ്ടയെയാണ് നമുക്കു വേണ്ടത്…. കെട്ടഴിച്ചുവിട്ട രാക്ഷസരൂപിയെ പോലെയാണ് ഈ സ്ത്രീ… ഇവരെ മെരുക്കാന്‍ രണ്ടായിരത്തിലേതു പോലെ ദയവായി താങ്കളുടെ വിരാടരൂപം പുറത്തെടുക്കൂ…’ ബംഗാളില്‍ രാഷ്ട്രപതിഭരണം എന്ന ഹാഷ്ടാഗോടെയാണ് കങ്കണ ട്വീറ്റ് ചെയ്തത്.
Content Summary : Rima Kallingal about Kangana Ranaut twitter account Suspension