രോഗബാധിതരുടെ എണ്ണം കൂടുന്നു കേരളത്തിൽ വരും ദിവസങ്ങളിൽ ഓക്‌സിജന്റെ ആവശ്യകത വർധിച്ചേക്കാം; 1000 ടൺ ലിക്വിഡ് ഓക്സിജൻ അനുവദിക്കാൻ കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

single-img
5 May 2021

കേരളത്തിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ ആയിരം ടൺ ലിക്വിഡ് ഓക്സിജൻ അത്യാവശ്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ വരും ദിവസങ്ങളിൽ ഓക്സിജന്റെ ആവശ്യകത വർധിച്ചേക്കാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഓക്സിജൻ ടാങ്കറുകൾ, വെന്റിലേറ്ററുകൾ എന്നിവയും ആവശ്യപ്പെട്ടു.  സർക്കാർ മേഖലയിൽ വെന്റിലേറ്ററുകളും ഐസിയു കിടക്കകളും രോഗബാധിതരെ കൊണ്ട് നിറയുകയാണ്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഡിഎംഒമാരുടെ യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

ഓക്സിജൻ ക്ഷാമത്തേത്തുടർന്ന് തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ടിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചു. ശ്രീചിത്രയിൽ ന്യൂറോ, കാർഡിയാക് വിഭാഗങ്ങളിലെ മുൻകൂട്ടി നിശ്ചയിച്ച 10 ശസ്ത്രക്രിയകളാണ് രാവിലെ മാറ്റിയത്. ഓക്സിജൻ പ്രതിസന്ധി ചൂണ്ടിക്കാട്ടി ശ്രീചിത്രാ ഡയറക്ടർ രണ്ടു ദിവസം മുമ്പ് ജില്ലാ കലക്ടർക്ക് കത്ത് നല്കിയിരുന്നു. വിതരണ ശൃംഖലയിൽ ചെറിയ അപാകതകളുണ്ടെന്നും ഉടൻ പരിഹരിക്കുമെന്നും വിതരണ ചുമതലയുള്ള പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ അറിയിച്ചു. അടിയന്തര ആവശ്യങ്ങൾക്കായി 42 സിലിണ്ടർ ഓക്സിജൻ ശ്രീചിത്രയിലെത്തിച്ചു. 

പാലാ സർക്കാർ ആശുപത്രിയിലുൾപ്പെടെ മറ്റു പലയിടത്തും ഓക്സിജൻ ക്ഷാമമുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, എറണാകുളം മെഡിക്കൽ കോളജുകളിൽ ഐസിയു ബെഡുകൾ ഭൂരിഭാഗവും നിറഞ്ഞു. കൂടുതൽ ഐ സി യു വെന്റിലേറ്റർ സൗകര്യം സജ്ജമാക്കാൻ ഡി എം ഒ മാർക്ക് ആരോഗ്യ മന്ത്രി നിർദേശം നല്കി.