സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി വോട്ടുകച്ചവടം; ആരോപണവുമായി പിണറായി വിജയന്‍

single-img
3 May 2021
pinarayi vijayan kerala covid management

നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി-യുഡിഎഫ് വോട്ടുകച്ചവടം നടന്നെന്ന് ആരോപിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. വോട്ടുകച്ചവടത്തിലൂടെ ജനവിധി അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്ന് പിണറായി വിജയന്‍ പറഞ്ഞു. ബിജെപിക്ക് വോട്ട് കുറഞ്ഞ മണ്ഡലങ്ങളുടെ കണക്ക് പുറത്തുവിട്ടാണ് പിണറായി വിജയന്‍ ആരോപണം ഉന്നയിച്ചത്. നടന്നത് വലിയ വോട്ടുകച്ചവടമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇത്ര വലിയ ചോര്‍ച്ച സമീപ കാലത്തുണ്ടായിട്ടില്ല.

2016ല്‍ ബിജെപിക്ക് 30 ലക്ഷത്തിലേറെ വോട്ട് ലഭിച്ചിരുന്നു. ഇത്തവണ അത് കുറഞ്ഞു. അഞ്ച് ലക്ഷത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായത്. വോട്ട് കച്ചവടത്തിനായി ബിജെപി ആവശ്യം പോലെ പണം ചെലവഴിച്ചു. ഫലം വന്നപ്പോള്‍ 90 ഇടത്ത് ബിജെപിക്ക് വോട്ട് കുറഞ്ഞെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ബിജെപി വോട്ടുകള്‍ കച്ചവടത്തിലൂടെ യുഡിഎഫിന് വാങ്ങാനായി. വോട്ടുകച്ചവടം നടന്നില്ലായിരുന്നുവെങ്കില്‍ യുഡിഎഫ് വലിയ പതനത്തിലെത്തിയേനെ. പത്തോളം സീറ്റുകളില്‍ വോട്ട് മറിച്ചതിലൂടെ യുഡിഎഫിന് ജയിക്കാന്‍ കഴിഞ്ഞു. ചില മണ്ഡലങ്ങളില് എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും വോട്ടുകച്ചവടത്തിലൂടെ സാധിച്ചുവെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് 99 സീറ്റ് നേടിയാണ് എല്‍ഡിഎഫ് വിജയിച്ചത്. തൃപ്പൂണിത്തുറ അടക്കമുള്ള സീറ്റുകള്‍ നഷ്ടപ്പെടാന്‍ കാരണം വോട്ട് കച്ചവടമാണെന്ന് സിപിഐഎം ഇന്നലെ വിലയിരുത്തിയിരുന്നു.