എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിച്ച് പ്രകൃതിയില്‍ നിന്ന് ഓക്‌സിജന്‍ പിടിച്ചെടുക്കുന്നു; മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയുമെന്ന് കങ്കണ റണൗത്ത്

single-img
3 May 2021

രാജ്യത്ത് ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ വിചിത്രവും അസംബന്ധ ജടിലവുമായ പ്രസ്താവനയുമായി ബോളിവുഡ് നടി കങ്കണ റണൗത്ത്. എല്ലാവരും ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മ്മിക്കുകയും സിലിണ്ടറുകളില്‍ ഭൂമിയില്‍ നിന്നും ഓക്‌സിജന്‍ പിടിച്ചെടുക്കുകയാണെന്നും ഇത് പ്രകൃതി ചൂഷണമാണെന്നുമാണ് കങ്കണയുടെ പുതിയ കണ്ടെത്തൽ. മനുഷ്യർ മരിക്കുന്നത് ഭൂമിയ്ക്ക് നല്ലതാണെന്നും താരം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ വിചിത്ര വാ​ദം. 

ഓക്സിജൻ പ്ലാൻ്റുകൾ വഴി പ്രകൃതിയിൽ നിന്നും വലിച്ചെടുക്കുന്ന (sic) ഓക്സിജന് പരിഹാരമായി മരങ്ങൾ വെച്ച് പിടിപ്പിക്കണമെന്നാണ് കങ്കണയുടെ വാദം.

“ടണ്‍ കണക്കിന് സിലിണ്ടറുകള്‍ നിറയ്ക്കാനായി എല്ലാവരും കൂടുതല്‍ കൂടുതല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കുകയാണ്. പ്രകൃതിയില്‍ നിന്ന് ഇങ്ങനെ വലിച്ചെടുക്കുന്ന ഓക്‌സിജന് നമ്മള്‍ എന്താണ് പകരം നല്‍കുന്നത്. നമ്മുടെ തെറ്റുകള്‍ കാരണമുണ്ടായ ദുരന്തങ്ങളില്‍ നിന്ന് നമ്മള്‍ പഠിച്ചില്ലെന്നുവേണം മനസിലാക്കാന്‍. മരങ്ങൾ വെച്ചുപിടിപ്പിക്കുക“- കങ്കണ ട്വിറ്ററിൽ കുറിച്ചു.

ഭൂമിക്ക് ഉപകാരമില്ലാത്ത മനുഷ്യര്‍ ഇല്ലാതാവുന്നതില്‍ പ്രശ്‌നമില്ലെന്നും കങ്കണ പറയുന്നു.

“ഓര്‍ക്കുക, ഒരു പ്രാണി പോലും ഈ ഭൂമിയില്‍ നിന്ന് ഇല്ലാതായാല്‍ അത് മണ്ണിന്റെ പ്രത്യുല്‍പാദനത്തെയും മാതൃഭൂമിയുടെ ആരോഗ്യത്തെയും ബാധിക്കുന്നു. പക്ഷെ മനുഷ്യര്‍ ഇല്ലാതായാല്‍ ഭൂമി പൂത്തുലയും. നിങ്ങള്‍ ഭൂമിയുടെ പ്രണയിതാവോ ശിശുവോ അല്ലെങ്കില്‍ നിങ്ങള്‍ ഒരു അനാവശ്യമാണ്,“ കങ്കണ ട്വീറ്റ് ചെയ്തു.

രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയും ആരോഗ്യ മേഖല വലിയ പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കങ്കണയുടെ പ്രതികരണം. കോവിഡ് മൂലവും ആശുപത്രികളിലെ ഓക്സിജൻ സപ്ലൈ നിലച്ചത് മൂലവും ആളുകൾ മരിക്കുമ്പോൾ മരം നടാനും പ്രത്യുല്പാദനം കുറയ്ക്കാനുമായിരുന്നു കങ്കണയുടെ ഉപദേശം.

ട്വിറ്ററിൽ സജീവമായ കങ്കണ ഇതുവരെയും രാജ്യത്തെ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് പറഞ്ഞിട്ടില്ല. അതേസമയം കൊവിഡ് പ്രതിസന്ധി കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ആരെങ്കിലും വിമര്‍ശിച്ചാല്‍ ഉടനടി പ്രതികരണവുമായി രംഗത്തെത്തുന്നുണ്ട്.

Content: Kangana Ranaut against Oxygen plants