ആ അക്കൗണ്ട് മലയാളികൾ ക്ലോസ് ചെയ്തു; പിണറായിയുടെ വാക്ക് സത്യമായി: കേരളത്തിൽ “സംപൂജ്യ”രായി ബിജെപി
“അഞ്ചുകൊല്ലം മുൻപ് നേമത്ത് ബിജെപി ഒരു അക്കൗണ്ട് തുറന്നു. അത് ഇത്തവണ ഞങ്ങൾ ക്ലോസ് ചെയ്യും.“
ഈ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷക്കാർ ഏറ്റവുമധികം ആഘോഷിച്ച ഒരു പഞ്ച് ഡയലോഗാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ബിജെപിയെക്കുറിച്ച് പറഞ്ഞ ഈ വാചകം സത്യമായിരിക്കുകയാണ്. നേമത്തെ ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ആയി. നേമം മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി വി ശിവൻകുട്ടി ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ 5750 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഇതോടെ കേരളനിയമസഭയിൽ ബിജെപിയുടെ പ്രാതിനിധ്യം പൂജ്യമായിരിക്കുകയാണ്.
ബിജെപി വിജയപ്രതീക്ഷ പുലർത്തിയിരുന്ന മറ്റ് മണ്ഡലങ്ങളായ പാലക്കാട്, തൃശൂർ, മഞ്ചേശ്വരം എന്നിവിടങ്ങളിലും അവർ പരാജയപ്പെട്ടു. തുടക്കത്തിൽ തൃശൂരിൽ സുരേഷ് ഗോപി ലീഡ് നിലനിർത്തിയെങ്കിലും ഫലം വന്നപ്പോൾ ഇടതുമുന്നണി സ്ഥാനാർത്ഥി പി ബാലചന്ദ്രൻ വിജയിച്ചു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേയ്ക്ക് പോയി. പാലക്കാട് മെട്രോമാൻ ഇ ശ്രീധരൻ കടുത്ത മൽസരം കാഴ്ചവെച്ചെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ 3840 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു.
മഞ്ചേശ്വരത്തും കോന്നിയിലുമായി രണ്ട് മണ്ഡലങ്ങളിൽ മൽസരിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ദയനീയമായ പരാജയം ഏറ്റുവാങ്ങിയത്. കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്താണ്. മഞ്ചേശ്വരത്ത് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ എ കെ എം അഷ്രഫാണ് വിജയിച്ചത്.
“We will close the account of BJP in Kerala” : Pinarayi’s words come true