യോഗിയുടെ കൊവിഡ് പ്രതിരോധ നടപടികൾ പൂർണ പരാജയം; വിമര്‍ശനവുമായി ബിജെപി എംഎൽഎ

single-img
30 April 2021

കൊവിഡ് വൈറസ് വ്യാപനവും ഓക്സിജന്‍ ക്ഷാമവും രൂക്ഷമായ യു പിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഭരണകക്ഷി എം എൽ എ രംഗത്ത്. യോഗി സ്വീകരിച്ച കൊവിഡ് പ്രതിരോധ നടപടികൾ പൂർണ പരാജയമാണെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ ബെയ്‌രിയ നിയോജകമണ്ഡലത്തിലെ ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ് തുറന്നുപറഞ്ഞു.

മുഖ്യമന്ത്രി ജനപ്രതിനിധികളെ വിലയ്‌ക്കെടുക്കാതെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് നടത്തുന്ന പ്രവർത്തനങ്ങളാണ് എം എൽ എയെ ഇത്തരത്തില്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനാക്കിയത്. ജനാധിപത്യത്തില്‍ ബ്യൂറോക്രസിയെയല്ല, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ കേന്ദ്രീകരിച്ചായിരിക്കണം കൊവിഡ് പ്രതിരോധ സംവിധാനം പ്രവർത്തിക്കേണ്ടത്. കൃത്യമായ ചികിത്സയുടെ അഭാവം മൂലം ബി ജെ പി മന്ത്രിമാരും എം എൽ എമാരും മരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇവര്‍ക്കൊക്കെയും ശരിയായ ചികിത്സ ലഭിക്കാത്തത് സംസ്ഥാനത്തെ ഭരണ സംവിധാനങ്ങളുടെ പോരായ്മയാണെന്ന് കണക്കാക്കുന്നതായും സുരേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം, ഉത്തർപ്രദേശിൽ കൊവിഡ് ബാധിച്ച് ഇതേവരെ 12,241 പേർ മരണപ്പെട്ടതായി കണക്കാക്കുന്നു.