ചോദിച്ചില്ലെങ്കിൽ പോലും കണ്ടറിഞ്ഞ് ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജുവിനെ സഹായിക്കാന്‍ ഞങ്ങളുണ്ട്: ജോസ് ബട്‍ലർ

single-img
29 April 2021

ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ എന്നനിലയില്‍ പുതുമുഖമായ മലയാളി താരം സഞ്ജു സാംസണിനെ സഹായിക്കാൻ താൻ ഉൾപ്പെടെയുള്ള മുതിർന്ന താരങ്ങളുണ്ടെന്ന് ഇംഗ്ലിഷ് താരം ജോസ് ബട്‍ലർ പറയുന്നു.

തനിക്ക് ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന നിലയിലുള്ള അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ചോദിച്ചില്ലെങ്കിൽ പോലും കണ്ടറിഞ്ഞും സഞ്ജുവിന് ആവശ്യമുള്ളപ്പോഴെല്ലാം സഹായം ചെയ്യാറുണ്ടെന്നും ബട്‍ലർ പറഞ്ഞു. രാജസ്ഥാൻ ക്യാപ്റ്റൻ സ്ഥാനത്ത് സഞ്ജു സാംസണിനെ തെരഞ്ഞെടുത്തതില്‍ ചില താരങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് തോന്നുന്നതായി കഴിഞ്ഞ ദിവസം മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് പറഞ്ഞിരുന്നു.

മാത്രമല്ല, രാജസ്ഥാൻ ടീമിൽ താരങ്ങളുടെ ഏകോപനത്തിൽ ചില പ്രശ്നങ്ങളുള്ളതായും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ ക്യാപ്റ്റനെന്ന നിലയിൽ സഞ്ജുവിന് വിദേശ താരങ്ങളുടെ സമ്പൂർണ പിന്തുണയുണ്ടെന്ന ബട്‍ലറിന്റെ വെളിപ്പെടുത്തൽവന്നിരിക്കുന്നത്.

‘സഞ്ജു എപ്പോൾ വേണമെങ്കിലും ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഞങ്ങൾ സഹായത്തിനുണ്ട്. കണ്ടറിഞ്ഞും ഞങ്ങൾ ചെയ്യാറുണ്ട്. എപ്പോഴും ഞങ്ങള്‍ അഭിപ്രായങ്ങൾ തുറന്നുപറയും. ടീമില്‍ ഞാനും ഡേവിഡ് മില്ലറും ക്രിസ് മോറിസും ഉൾപ്പെടെയുള്ള താരങ്ങൾക്ക് പരിചയസമ്പത്തുണ്ട്. രാജസ്ഥാന്‍ ടീമിലെ യുവതാരങ്ങളെ സഹായിക്കാൻ ഞങ്ങൾക്കു കഴിയും. ഞങ്ങളുടെ പരിചയസമ്പത്ത് അവർക്കുകൂടി സഹായകമായ വിധത്തിൽ ഉപയോഗിക്കാനാണ് ശ്രമം’ – ബട്‍ലർ പറഞ്ഞു.