തൃശൂരിൽ കൊള്ളയടിക്കപ്പെട്ടത് ബിജെപിയ്ക്കായി എത്തിച്ച കുഴൽപ്പണം: തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എ വിജയരാഘവൻ

single-img
24 April 2021
bjp

നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ബിജെപിക്ക് കോടികണക്കിന് രൂപ കുഴൽപ്പണമായി കൊണ്ടുവന്ന സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ആവശ്യപ്പെട്ടു. ഈ കള്ളപ്പണത്തിൽ നിന്ന് മൂന്നര കോടി രൂപ തൃശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണെന്നും വിജയരാഘവൻ പത്രക്കുറിപ്പിൽ അറിയിച്ചു.

സമാനമായ സംഭവം പാലക്കാടും നടന്നുവെന്നും പണം ഒഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പിയുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടതെന്നും വിജയരാഘവൻ ആരോപിച്ചു. ഉത്തരേന്ത്യൻ മോഡലിൽ കള്ളപ്പണം ഒഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ശ്രമം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും എ വിജയരാഘവൻ പറഞ്ഞു.തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ 3നു പുലർച്ചെയാണു കൊടകരയിൽ അപകടം സൃഷ്ടിച്ച് കാറും 3.5 കോടി രൂപയും തട്ടിയെടുത്തത്. ഒരു പ്രമുഖ ദേശീയപാർട്ടിക്കായെത്തിയ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു കാർ പിന്നിൽ കൊണ്ടുവന്ന് ഇടിപ്പിച്ചശേഷം പണം സൂക്ഷിച്ചിരുന്ന കാർ തട്ടികൊണ്ടുപോവുകയായിരുന്നു. സംഭവത്തിന് പിന്നിൽ ഇതേ പാർട്ടിയിലെ ജില്ലാ ഭാരവാഹിത്വത്തിലുള്ള രണ്ട് നേതാക്കളാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

സമാനമായ ആസൂത്രണം പാലക്കാട്ടുമുണ്ടായെങ്കിലും കാർ ഡ്രൈവറുടെ അശ്രദ്ധ മൂലം വിഫലമായി. പാലക്കാട് നിന്ന് തൃശൂരിലേക്ക് കൊണ്ടുപോയിരുന്ന കണക്കിൽപ്പെടാത്ത നാല് കോടി തട്ടിയെടുക്കാൻ പാലക്കാട്ടെ ചില പാർട്ടി നേതാക്കളായിരുന്നു പദ്ധതി ആസൂത്രണം ചെയ്തത്. സംഭവത്തിൽ പാലക്കാട് പൊലീസ് കേസെടുത്തിട്ടില്ല.

“തെരഞ്ഞെടുപ്പിന് മൂന്നു ദിവസം മുമ്പാണ് കുഴൽപണമായി ബി.ജെ.പിക്ക് പണമെത്തിയത്. ഇതിൽ നിന്നാണ് മൂന്നര കോടിരൂപ കൊള്ളയടിച്ചത്. കേരളത്തിൽ ഇത്തരം സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. ക്വട്ടേഷൻ സംഘമാണ് കൊള്ളയ്ക്ക് പിന്നിലെന്നും അതിന് പിന്നിൽ ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് പങ്കുള്ളതായും പരാതിയുണ്ട്. കേരളത്തിൽ ബി.ജെ.പി സ്ഥാനാർഥികൾക്കായി എത്തിയ കള്ളപണത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണിത്. “വിജയരാഘവൻ പറഞ്ഞു.

പുറത്തു വന്ന വാർത്തകൾ പ്രകാരം എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾക്കായാണ് കൊള്ളയടിക്കപ്പെട്ട പണമെത്തിയത്. സമാനമായി എല്ലാ ജില്ലകൾക്കും പണമെത്തിക്കാണും. അതിനാൽ ഇതേ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാർട്ടി തന്നെ കള്ളപണത്തിന്റെ ഗുണഭോക്താക്കളാകുകയാണ്. കള്ളപ്പണം തടയാനെന്ന് പറഞ്ഞ് മുമ്പ് നോട്ടുനിരോധനം ഏർപ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പി വലിയ തോതിൽ പണം ഒഴുക്കുന്നതായി എൽ.ഡി.എഫ് ചൂണ്ടിക്കാട്ടിയതാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നാണ് പണമെത്തിച്ചത്. ഇതിനായി ചില പ്രമുഖർ ദിവസങ്ങളോളം കേരളത്തിൽ തങ്ങി, പണം വാരിവിതറി വോട്ടർമാരെ ചാക്കിട്ട് പിടിക്കലായിരുന്നു ലക്ഷ്യം. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബി.ജെ.പിയുടെ ആ തന്ത്രം കേരളം അർഹിക്കുന്ന അവതയോടെ തള്ളിയതായി ബോധ്യപ്പെടും. ബിജെപിക്കാണ് കുഴൽപണം കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടും ആ പാർടിയുടെ പേര് പറയാൻ മിക്ക മാധ്യമങ്ങളും മടിക്കുകയാണ്. ഭയം ജനാധിപത്യത്തിനും മാധ്യമ നിഷ്പക്ഷതക്കും ഭൂഷണമല്ലെന്നും എ വിജയരാഘവൻ പറഞ്ഞു.

Election commission should investigate looting incidents linked to hawala transactions of Kerala BJP: LDF convenor A Vijayaraghavan