നാളെ ഉന്നതതല യോഗമുള്ളതിനാൽ ബംഗാളിൽ പോകുന്നില്ലെന്ന് പോസ്റ്റ്: മോദിയ്ക്ക് ഫെയ്സ്ബുക്കിലും ട്വിറ്ററിലും പൊങ്കാല

single-img
23 April 2021
narendra modi facebook covid

രാജ്യത്ത് കോവിഡ് രോഗത്തിൻ്റെ രണ്ടാം വരവ് ഏറ്റവും മോശമായ അവസ്ഥയിലേയ്ക്ക് നീങ്ങുകയാണ്. ഒരു വർഷം സമയമുണ്ടായിട്ടും വേണ്ടത്ര മുൻകരുതലോ സംവിധാനങ്ങളോ ഒരുക്കാതെ രാജ്യത്തെ ജനങ്ങളെ മരണത്തിലേയ്ക്ക് തള്ളിവിട്ട പ്രധാനമന്ത്രിയ്ക്കും കേന്ദ്രസർക്കാരിനുമെതിരായി ബിജെപി അനുകൂലപ്രദേശങ്ങളിൽപ്പോലും ജനരോഷം ഉയരുന്നതായാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിൽ താരമായിരുന്ന നരേന്ദ്രമോദിയുടെ ജനപ്രീതി സൈബർ ലോകത്തും കുറഞ്ഞുവരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്ററിലും ഫെയ്സ്ബുക്കിലും പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിലാണ് നിരവധിപേർ പരിഹാസവും വിമർശനവുമായെത്തിയിരിക്കുന്നത്. “കോവിഡ് 19 സാഹചര്യങ്ങളെ വിലയിരുത്തുന്നതിനായി നാളെ ഒരു ഉന്നതലതലയോഗം വിളിച്ചിട്ടുള്ളതിനാൽ ഞാൻ നാളെ പശ്ചിമ ബംഗാളിലേയ്ക്ക് പോകുന്നില്ല.“ എന്നായിരുന്നു മോദിയുടെ പോസ്റ്റ്. രാജ്യത്ത് കോവിഡ് ബാധിച്ച് മനുഷ്യർ മരിച്ച് വീഴുമ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കിലായിരുന്നു എന്നതരത്തിലുള്ള ചർച്ചകൾ നടക്കുന്നതിനിടെ വന്ന പോസ്റ്റ് മോദി ആരാധകരെയടക്കം പ്രകോപിപ്പിച്ചത് കമൻ്റുകളിൽ കാണുവാൻ കഴിയും.

“വലിയ ത്യാഗമായിപ്പോയി. നിങ്ങളുടെ ഷെഡ്യൂൾ ഒന്നും മാറ്റണ്ട. രാജ്യത്ത് മറ്റുള്ളവർ കാര്യങ്ങൾ കൈകാര്യം ചെയ്തോളും. ഞങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെതന്നെ. ബംഗാളിലെ കുറച്ച് ലക്ഷം ആളുകൾക്ക് കൂടി രോഗം പരത്താനുള്ള അവസരം മിസാക്കണ്ട. റാലി നടത്തൂ സാർ. എല്ലാ മംഗളങ്ങളും.“ എന്നായിരുന്നു ഒരു കമൻ്റ്.

narendra modi FB

“താങ്കൾ താമസിച്ചുപോയി. ആയിരക്കണക്കിന് ജനങ്ങൾക്ക് അവരുടെ ജീവൻ നഷ്ടമായി. താങ്കളുടെ ക്രെഡിബിലിറ്റി നഷ്ടപ്പെട്ടു.“ എന്നായിരുന്നു മറ്റൊരു കമൻ്റ്. മിക്കവാറും കമൻ്റുകളും പരിഹാസവും പ്രതിഷേധവും നിറഞ്ഞതായിരുന്നു.

മോദിയിലും ബിജെപി സർക്കാരിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതരത്തിലുള്ള ബിജെപിയ്ക്ക് വോട്ട് ചെയ്തവരുടെ നിരാശാ കമൻ്റുകളും നിരവധിയുണ്ട്. “ബംഗാൾ തെരെഞ്ഞെടുപ്പിൽ നിങ്ങൾ ജയിക്കുമോ എന്നറിയില്ല. പക്ഷേ അടുത്ത ലോകസഭാ തെരെഞ്ഞെടുപ്പിൽ നിങ്ങൾക്കൊരു വോട്ട് നഷ്ടപ്പെട്ടു. എന്നെപ്പോലെ ദശലക്ഷക്കണക്കിന് ആളുകൾ ഉണ്ടാകും.“ എന്നായിരുന്നു ഒരു കമൻ്റ്.

ട്വിട്ടറിലും മോദിയുടെ ട്വീറ്റിനെതിരെ വലിയ പ്രതിഷേധമാണുള്ളത്. ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസിറ്റിവ് കമൻ്റുകൾ നിറഞ്ഞുനിന്നിരുന്ന മോദിയുടെ അക്കൗണ്ടുകളിലെ ഈ പുതിയ ട്രെൻഡ് മോദിയുടെ പ്രഭാവം മങ്ങിത്തുടങ്ങുന്നതിൻ്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്ത് കഴിഞ്ഞ രണ്ടുദിവസമായി ദിവസവും 3 ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്നതിനേക്കാൾ അധികം കേസുകൾ ഉണ്ടാകാമെന്നാണ് രാജ്യമൊട്ടാകെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2263 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അനൗദ്യോഗിക കണക്കുകൾ ഇതിനേക്കാൾ വളരെ മുകളിലാണെന്ന് പ്രാദേശിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുജറാത്തിലും ഡൽഹിയിലും ഉത്തർ പ്രദേശിലുമെല്ലാം ശ്മശാനങ്ങളിൽപ്പോലും മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനായി ആളുകൾ ക്യൂ നിൽക്കുകയാണ്. ആശുപത്രികളിൽ ഓക്സിജൻ ലഭ്യതയില്ലാത്തതുകൊണ്ട് മാത്രം നിരവധിപേർ മരിക്കുന്നുണ്ട്.

PM Narendra Modi trolled in his Facebook and Twitter posts