ദുരന്തകാലത്തെ കേരള മാതൃക; കേരളത്തിന്റെ ഓക്‌സിജന്‍ ഉത്പാദനത്തെ പുകഴ്ത്തി ദേശീയ മാധ്യമങ്ങള്‍


തീവ്രമായ കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പല സംസ്ഥാനങ്ങളും ഓക്‌സിജന്‍ ക്ഷാമം നേരിടുമ്പോള്‍ കേരളം ഓക്‌സിജന്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടി മറ്റുള്ള സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെ പുകഴ്ത്തി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തകാലത്തെ കേരള മാതൃക എന്ന രീതിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ്, മണികണ്ട്രോള്‍, എ.എന്‍.ഐ, ദി ന്യൂസ് മിനുട്ട് എന്നിവരാണ് കേരളം എങ്ങനെ ഓക്‌സിജന്‍ ക്ഷാമത്തെ മറികടക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഗോവ, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളം ഓക്‌സിജന്‍ എത്തിച്ചുകൊടുത്തിരുന്നു. രാജ്യതലസ്ഥാനമായഡല്‍ഹി, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം കാരണം രോഗികള്‍ മരിക്കുകയും ഡോക്ടര്‍മാര്‍ ഓക്‌സിജന്‍ ക്ഷാമം വെളിവാക്കി കരയുകയും ചെയ്യുന്നിടത്താണ് കേരളം വേറിട്ട് നില്‍ക്കുന്നത് എന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കേരളത്തില്‍ ദിവസേന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ആവശ്യമായ ഓക്‌സിജന്റെ രണ്ടിരട്ടിയോളം നിലവില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്ത് സ്വകാര്യ മേഖലയിലേത് അല്ലാതെ മുഖ്യമന്ത്രിയുടെ നൂറ് ദിന പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ ഓക്ടോബറില്‍ കേരളത്തില്‍ കെ.എം.എം.എല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചിരുന്നു. 58 കോടി രൂപയാണ് ഈ പ്ലാന്റ് നിര്‍മ്മിക്കുന്നതിന് ചെലവായത്.