രോഗിയുടെ പ്രതിരോധ ശേഷിയെ തകര്‍ക്കുന്ന ഇരട്ട വകഭേദം വന്ന വൈറസിനെയും പ്രതിരോധിക്കും; ഈ വാക്‌സിനുകൾ

single-img
23 April 2021

ഇന്ത്യയിൽ നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിനുകളായ കോവാക്‌സിനും കോവിഷീല്‍ഡിനും ഇരട്ട വകഭേദം വന്ന വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട്. ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവാക്‌സിന് ഇരട്ട വകഭേദം വന്ന B.1.617 വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്ന് ഐ.സി.എം.ആര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

സിറം ഇന്‍സ്റ്റിറ്റിയുട്ട് നിര്‍മ്മിക്കുന്ന ഓക്സ്ഫോർഡ് വാക്‌സിനായ കോവിഷീല്‍ഡ് വാക്‌സിനും ഇരട്ട വകഭേദം വന്നവയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്റ് മോളിക്യൂലര്‍ ബയോളജി (സിസിഎംബി) വ്യക്തമാക്കി.

ഇരട്ട വകഭേദം വന്ന വൈറസുകൾ രോഗിയുടെ പ്രതിരോധ ശേഷിയെ പൂർണ്ണമായും തകര്‍ക്കുന്നവായാണ്. അതേ സമയം വാക്‌സിന്‍ എടുക്കുന്നത് കൊണ്ട് കൊറോണ വൈറസില്‍ നിന്ന് പൂര്‍ണ്ണമായും സംരക്ഷണം ഉറപ്പാക്കുന്നില്ലെങ്കിലും രോഗികളെ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടുന്നത് തടയും എന്നാണ് വിശ്വാസം.

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നതിന് പിന്നില്‍ ഇരട്ട വകഭേദം വന്ന വൈറസാണെന്നാണ് കണ്ടെത്തല്‍. മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരില്‍ 60-70% പേരും ഇരട്ട വകഭേദം വന്ന വൈറസ് ബാധിച്ചവരാണ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ഇത് 5 ശതമാനത്തില്‍ താഴെയാണ്.