ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമം: പൂച്ച ജയിൽ ഉദ്യോഗസ്ഥരുടെ പിടിയില്‍

single-img
22 April 2021

അമേരിക്കയിലെ പനാമയിൽ ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കൾ കടത്താൻ ശ്രമിച്ച പൂച്ചയെ പിടികൂടി ജയില്‍ അധികൃതർ. ശരീരത്തിൽ കെട്ടിവെച്ച നിലയില്‍ നിരോധിത ലഹരി വസ്തുക്കൾ ഉൾപ്പെടുന്ന ബാഗുമായി സഞ്ചരിച്ച പൂച്ചയെയാണ് പനാമയിലെ വടക്കൻ പ്രദേശമായ കോളണിലെ ന്യൂസ് എസ്പരാൻസ് ജയിലിന് അകത്തുവെച്ച് പോലീസ് പിടികൂടിയത്.

പൂച്ചയുടെ കഴുത്തിന് ചുറ്റുമായി ഒരു തുണികൊണ്ട് കെട്ടിയിരുന്നു. ഈ തുണിയുടെ ഉള്ളിലായിരുന്നു ലഹരിവസ്തുക്കളുള്ളത്. കഞ്ചാവും കൊക്കയ്‌നും ക്രാക്കുമാണ് ജയിലില്‍ കഴിയുന്നവര്‍ക്കായി പൂച്ചയെ ഉപയോഗിച്ച് കടത്താൻ ശ്രമിച്ചത്.

പിടിയിലായ പൂച്ചയെ വളർത്തു മൃഗങ്ങൾക്കായുള്ള അഡോപ്ഷൻ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു. എന്തായാലും സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ ജയിലിൽ ഏകദേശം 1800 ഓളം തടവുപുള്ളികളാണുള്ളത്.

ജയിലിന് പുറത്തുള്ള ഇവരുടെ ആളുകൾ മൃഗങ്ങളുടെ ശരീരത്തിൽ മയക്കുമരുന്ന് ഘടിപ്പിച്ച് ജയിലിനകത്തേയ്ക്ക് കടത്തിവിടും. ഉള്ളില്‍ ഇവ എത്തിയാല്‍ തടവുകാർ ഭക്ഷണങ്ങൾ കാണിച്ച് മൃഗങ്ങളെ അടുത്തേയ്ക്ക് ക്ഷണിച്ച് പാക്കേജുകൾ കൈപ്പറ്റുന്ന രീതിയാണ് ഇവിടെ നടക്കുന്നത്.