ബന്ധുനിയമന വിവാദത്തിൽ ജലീലിന് തിരിച്ചടി: ലോകായുക്ത ഉത്തരവ് ശരിവെച്ച് ഹൈക്കോടതി

single-img
20 April 2021
kt jaleel

ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും, എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അതിനാൽ ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് പിബി സുരേഷ് കുമാറും ജസ്റ്റിസ് കെ ബാബുവും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധിപറഞ്ഞത്.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ സ്വജനപക്ഷപാതവും അധികാരദുര്‍വിനിയോഗവും നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. സംസ്ഥാന ന്യൂനപക്ഷ കോര്‍പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് ബന്ധുവായ കെ ടി അദീബിനെ നിയമിച്ചതിനെതിരെ മലപ്പുറം സ്വദേശിയായ വി കെ മുഹമ്മദ് ഷാഫി നല്‍കിയ പരാതിയിലായിരുന്നു ലോകായുക്തയുടെ വിധി.

എന്നാല്‍ ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നായിരുന്നു ജലീലിന്റെ വാദം. തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തില്‍ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു ജലീലിന്റെ ആവശ്യം.

ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാര്‍ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ് നിലവിലെ ഹൈക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍ക്കാരിന് എ ജി നല്‍കിയ നിയമോപദേശം. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത്.