തൃശൂര്‍ പൂരം; അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും

single-img
19 April 2021

തൃശൂര്‍ പൂരനടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

പാപ്പാന്മാര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് വേണെന്ന വ്യവസ്ഥയില്‍ ഇളവ് നല്‍കണം, രണ്ട് ഡോസ് വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയത് പിന്‍വലിക്കണം തുടങ്ങിയ ദേവസ്വങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യും. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കി കൊണ്ട് പൂരം നടത്താനാണ് ജില്ല ഭരണകൂടത്തിന്റ തീരുമാനം. കൊവിഡ് വ്യാപനം കണക്കിലെടുത്ത് തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന കണിമംഗലം, കാരമുക്ക് പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

പൊതുജനങ്ങള്‍ക്കുള്ള പൂരം പ്രവേശന പാസ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.