ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമം; പ്രധാനമന്ത്രിയോട് സഹായം അഭ്യര്‍ത്ഥിച്ച് കെജ്‍രിവാള്‍

single-img
18 April 2021

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പിന്നാലെ ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പല ആശുപത്രികളിലും ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമമുണ്ടായ സാഹചര്യത്തില്‍ സഹായം തേടി കെജ്‍രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

‘ഇവിടെ കഴിവിന്‍റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നിങ്ങളുടെ സഹായം വേണ’മെന്നാണ് കെജ്‍രിവാള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചത്. തലസ്ഥാനത്തെ സെന്‍ട്രല്‍ ഗവണ്‍മെന്‍റ് ആശുപത്രികളില്‍ 10000 ബെഡുകളുണ്ട്. അതില്‍ 1800 എണ്ണം ആണ് കോവിഡ് രോഗികള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. നിലവിലെ ഗുരുതര സാഹചര്യം പരിഗണിച്ച് 7000 ബെഡുകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവെയ്ക്കണമെന്നാണ് കെജ്‍രിവാള്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്.

ഇതിന് പുറമേ ഇപ്പോള്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന ഓക്സിജന്‍ ക്ഷാമവും പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മോഡിക്ക് പുറമെ ആഭ്യന്തര മന്ത്രി അമിത് ഷായോടും ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധനോടും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്ന് കെജ്‍രിവാള്‍ അറിയിച്ചു.

ആശുപത്രികളില്‍ വ്യാപകമായി കിടക്കകള്‍ക്ക് ക്ഷാമം നേരിട്ടതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകള്‍ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താല്‍കാലിക ആശുപത്രികളാക്കി ഇപ്പോള്‍ മാറ്റിയിട്ടുണ്ട്. അധികം വൈകാതെ 6000 കിടക്കകള്‍ തയ്യാറാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെജ്‍രിവാള്‍ പറയുന്നു.