കുരീപ്പുഴ കോൺവെന്റിൽ കന്യാസ്ത്രീ കിണറ്റിൽ മരിച്ച നിലയിൽ

single-img
16 April 2021

കൊല്ലം കുരീപ്പുഴയിലെ കോൺവെന്റിൽ കന്യാസ്ത്രീയെ ഇന്ന് രാവിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫ് ആണ് മരിച്ചത്. മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

ഒരാഴ്ച മുൻപ് കുരീപ്പുഴ സെന്റ് ജോസഫ് കോൺവെന്റിലെത്തിയ മേബിൾ ജോസഫിന് ശാരീരിക അസ്വസ്ഥതകൾ ഏറെയുണ്ടായിരുന്നതായി മറ്റ് കന്യാസ്ത്രീകൾ പൊലീസിനോട് പറഞ്ഞു. ഗർഭാശയ സംബന്ധമായ ചികിത്സയ്ക്ക് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മേബിൾ. രാവിലെ പ്രാർത്ഥനയ്ക്ക് മേബിൾ സിസ്റ്ററെ കാണാതിരുന്നപ്പോൾ അന്വേഷിച്ച് മുറിയിൽ എത്തിയ മറ്റ് കന്യാസ്ത്രീകളാണ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയത്.

ആത്മഹത്യാ കുറിപ്പിൽ ശാരീരിക ബുദ്ധിമുട്ടുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. കൊല്ലം എ.സി.പിയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.

പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വിട്ടുകൊടുക്കും. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ ദുരൂഹതകളില്ലെങ്കിലും ആത്മഹത്യാ കുറിപ്പും മേബിൾ ജോസഫിന്റെ കൈയക്ഷരവുമായി ചേർച്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. കിണറ്റിലെ വെള്ളവും പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്.

Content Summary : Nun found dead in well at Kurippuzha Convent