മൻസൂർ വധം; ഏഷ്യാനെറ്റ് ചാനൽ ഓഫിസിലേക്ക് പ്രതിഷേധമാർച്ച് സംഘടിപ്പിക്കാൻ സിപിഎം
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂർ മൻസൂർ വധക്കേസിലെ പ്രതി രതീഷിന്റെ ആത്മഹത്യ കൊലപാതകമെന്ന രീതിയില്‍ ചെയ്ത ഏഷ്യാനെറ്റ് വാർത്തക്കെതിരെ പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്ന് സിപിഎം അറിയിച്ചു. ചാനലിന്റെ കണ്ണൂർ ഓഫിസിലേക്ക് ഈ മാസം 15ന് മാർച്ച് നടത്തുമെന്ന് പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി എം വി ജയരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മൻസൂർ വധകേസില്‍ നാലാം പ്രതിയായ ശ്രീരാഗ് തലശ്ശേരി സബ്ജയിലിലാണ്. പക്ഷെ ശ്രീരാഗ് മരിച്ചെന്ന നിലയിലാണ് ഏഷ്യാനെറ്റ് വാർത്ത നൽകിയത്.മരിക്കാത്തയാൾ മരിച്ചുവെന്നും ആത്മഹത്യ കൊലപാതകമാണെന്നും വാർത്ത നൽകിയ ശേഷം പിന്നീട് തിരുത്തിയെങ്കിലും ആ വാർത്ത ഉയർത്തിക്കാട്ടി കൊന്നവരെ കൊല്ലുന്ന പാർട്ടിയാണെന്ന് ദുഷ്പ്രചാരണം വ്യാപകമായി നടക്കുന്നെന്നും എം വി ജയരാജൻ പറഞ്ഞു.
മൻസൂർ വധക്കേസിൽ അന്യായമായി പ്രതിചേർക്കപ്പെട്ടതിൽ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചത്. മരണത്തിന് കാരണക്കാരായ ലീഗുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രതീഷിന്റെ അമ്മ പരാതി നൽകിയിട്ടുണ്ട്.എന്നിട്ടുപോലും ആത്മഹത്യ, കൊലപാതകമെന്നാണ് മാധ്യമങ്ങൾ വാർത്ത നൽകുന്നത്. രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് നിരന്തരം ആരോപിക്കുന്ന കെ സുധാകരൻ തെളിവുകൾ ഹാജരാക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു.