കോവിഡ് വ്യാപനം രൂക്ഷം; മാസ് വാക്സിനേഷന് “ക്രഷിങ് ദ കര്‍വ്” പദ്ധതിയുമായി കേരള സര്‍ക്കാര്‍; ഏപ്രില്‍ മാസം നിര്‍ണായകം

single-img
9 April 2021

കോവിഡ് വ്യാപനം അതിരൂക്ഷമാവുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ മാസ് വാക്സിനേഷന് വിപുല പദ്ധതി രൂപപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ‘ക്രഷിങ് ദ കര്‍വ്’ എന്ന പേരില്‍ കര്‍മപദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡിക്കൽ കോളജിൽ ഡിഎംഒമാരു‍ടെ യോഗം ചേരുന്നു. 45 വയസിന് മുകളിലുളള പരമാവധി പേര്‍ക്ക് വാക്സീന്‍ നല്‍കുകയാണ് ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും സർക്കാർ അറിയിച്ചു. ആവശ്യമുള്ളത്രയും വാക്‌സിന്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കും.

60 വയസ്സിന് മുകളില്‍ പ്രായമുള്ള നല്ല ശതമാനം ആളുകള്‍ക്കും വാക്‌സിന്‍ നല്‍കി. ശേഷിക്കുന്നവര്‍ക്ക് അടുത്ത ദിവസങ്ങളില്‍ വാക്‌സിന്‍ ഉറപ്പുവരുത്തും. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ച തരത്തിലാവും വാക്‌സിന്‍ വിതരണത്തിലെ മുന്‍ഗണന. 

സംസ്ഥാനത്ത് 11 ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് എന്നാണ് സിറോ സര്‍വേ വ്യക്തമാക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ 89 ശതമാനം പേര്‍ക്ക് രോഗം ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. കോവിഡ് വ്യാപനം മുന്നില്‍ കണ്ട് ശക്തമായ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ ആശുപത്രികളിലും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ആവശ്യമെങ്കില്‍ സിഎഫ്എല്‍ടികൾ സജ്ജീകരിക്കും.’ 

തിരഞ്ഞെടുപ്പ് കാലത്ത് വലിയ ആള്‍ക്കൂട്ടം ഉണ്ടായി. പലസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കപ്പെട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

ഏപ്രില്‍ മാസം നിര്‍ണായകമാണ്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. 

മുഖ്യമന്ത്രി പിണറായി വിജയന് നേരിയ കോവിഡ് ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും മന്ത്രി അറിയിച്ചു.  ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയും തൃപ്തികരമാണ്. എല്ലാവരും കോവിഡിനെതിരെ ജാഗ്രത വര്‍ധിപ്പിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.