പ്രതിദിനം മരണം 4000ത്തിന് മുകളില്‍; എന്നാലും ലോക്ക്ഡൗണിനെതിരെ മുഖംതിരിച്ച് ബ്രസീല്‍ പ്രസിഡന്റ്

single-img
8 April 2021

കൊവിഡ് വൈറസ് വ്യാപനം നിയന്ത്രണാതീതമായ സാഹചര്യത്തിലും രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ. ഇപ്പോള്‍ ദിനംപ്രതിറെക്കോര്‍ഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാനാവില്ലെന്നാണ് ബോള്‍സനാരോ അഭിപ്രായപ്പെടുന്നത്. ‘എല്ലാവരും വീട്ടില്‍ തുടരുക, എല്ലാം അടച്ചിടുക, രാജ്യം പൂട്ടിയിടുക’ എന്നീ നയങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കാന്‍ പോകുന്നില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

നിലവിലെ സാഹചര്യത്തില്‍ ഒരു ദേശീയ ലോക്ക് ഡൗണ്‍ നടപ്പിലാക്കാന്‍ രാജ്യം ഒരുക്കമല്ലെന്നും ബ്രസീലിയന്‍ ജനതതോട് അവരുടെ വീടുകളില്‍ പൂട്ടിയിരിക്കണമെന്ന് ആവശ്യപ്പെട്ട് സൈന്യത്തെ തെരുവിലിറക്കില്ലെന്നും ബോള്‍സനാരോ മാധ്യമങ്ങളോട് പറഞ്ഞു. ഒരുപക്ഷെ വൈറസ് മൂലമുണ്ടാകുന്ന നാശനഷ്ടത്തേക്കാള്‍ വലുതായിരിക്കും രാജ്യം അടച്ചിട്ടാല്‍ സമ്പദ്‌വ്യവസ്ഥ നേരിടാന്‍ പോകുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയംആരോഗ്യ മേഖലയിലെ സംവിധാനങ്ങള്‍ തകരാതിരിക്കാന്‍ രാജ്യത്തെ പൊതുജനാരോഗ്യ സ്ഥാപനമായ ഫിയോക്രൂസ് കര്‍ശനമായ നിയന്ത്രണങ്ങള്‍ നടപ്പില്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരു ലോക്ക് ഡൗണിലേക്ക് നീങ്ങാന്‍ രാജ്യം ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് അറിയിച്ചത്.