എൽഡിഎഫ് അധികാരത്തിലെത്തിയാൽ ജോസ് കെ മാണിയെ കാത്തിരിക്കുന്നത് മന്ത്രിസഭയിലെ സുപ്രധാന വകുപ്പ്

single-img
27 March 2021

തെരെഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലെത്തുമ്പോൾ എല്ലാ മുന്നണികളും ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്. എന്നാൽ ഭരണമാറ്റം ഉണ്ടാകില്ലെന്ന തുടര്‍ചയായ സര്‍വേ ഫലങ്ങള്‍ യുഡിഎഫിന്‍റെ പ്രചരണ മുന്നേറ്റത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ് റിപോർട്.

വടക്കും തെക്കും ഇടതുപക്ഷത്തിന് കാര്യമായ മുന്നേറ്റം നടത്താന്‍ കഴിയുമെന്ന സര്‍വേ ഫലങ്ങള്‍ പ്രതീക്ഷിച്ചിരുന്നതാണെങ്കില്‍ യുഡിഎഫിന്‍റെ കുത്തകയായിരുന്ന മധ്യകേരളത്തിലും യുഡിഎഫും ഇടതുപക്ഷവും ഒപ്പത്തിനൊപ്പം മുന്നേറുകയാണെന്നാണ് വിലയിരുത്തല്‍.

കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ ജോസ് കെ മാണിയുഡി പ്രചാരണം വലിയതോതില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎമിന്‍റെ വിലയിരുത്തല്‍. ചില സര്‍വേകളില്‍ ഇടുക്കിയില്‍ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുന്നുണ്ടെങ്കിലും അവിടെ 3 സീറ്റുകള്‍ നേടിയേക്കാമെന്നും രണ്ടെണ്ണം ഉറപ്പാണെന്നുമാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍.

കഴിഞ്ഞ തവണ യുഡിഎഫ് റെകോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച കടുത്തുരുത്തിയിലും ഇത്തവണ വിജയപ്രതീക്ഷയിലാണ് ഇടതുപക്ഷം. ചങ്ങനാശേരി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍ എന്നിവിടങ്ങളാണ് ഇടതു പ്രതീക്ഷിക്കുന്ന മറ്റു മണ്ഡലങ്ങൾ.

ഈ മണ്ഡലങ്ങളിലെല്ലാം ജോസ് കെ മാണി ഇഫക്ടില്‍ വിജയം കുറിക്കാനായാല്‍ അത് മുന്നണിയില്‍ ജോസ് കെ മാണിയെ കൂടുതല്‍ കരുത്തനാക്കുമെന്നാണ് വിലയിരുത്തൽ. ഈ വിജയത്തിന് പാരിതോഷികമായി ധനകാര്യം, വ്യവസായം എന്നീ സുപ്രധാന വകുപ്പുകളിലൊന്ന് ജോസ് കെ മാണിക്ക് ഉറപ്പാണെന്നാണ് റിപോർട്.

എറണാകുളം ജില്ലയിലും കേരള കോണ്‍ഗ്രസ് പിന്തുണ വലിയതോതില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

അതേസമയം യുഡിഎഫിന് അവരുടെ സ്ഥാനാര്‍ഥികളിലാണ് ഏറ്റവും പ്രതീക്ഷ. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമാണ് കോണ്‍ഗ്രസ് ഇത്തവണ പ്രാധാന്യം നല്‍കുന്നത്. ഒപ്പം കെ മുരളീധരന്‍ പോലുള്ള പോരാളികളുടെ സാന്നിധ്യവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയുമുണ്ട്.