സുധീരന് പിന്നാലെ ‘പോരാളി ഷാജി’ക്കെതിരെ പരാതിയുമായി എല്‍ഡിഎഫും

single-img
22 March 2021

സോഷ്യൽ മീഡിയയിൽ സജീവമായ പോരാളി ഷാജി എന്നപേരിലുള്ള അക്കൗണ്ടിനെതിരെ പരാതിയുമായി എല്‍ഡിഎഫ്. പോരാളി ഷാജി എന്ന പേരിൽ അറിയപ്പെടുന്ന വ്യാജ അക്കൗണ്ടുകളില്‍ ചെങ്ങന്നൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് നിര്‍മ്മിച്ച പോസ്റ്റുകളിലൂടെ നടത്തുന്ന അപവാദപ്രചരണം തരംതാഴ്ന്നതും സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചതുമാണെന്ന് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികള്‍ ആരോപിക്കുന്നു.

ഈ ഐഡിയിൽ നിന്നും ചെയ്യുന്ന പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കിയതായി തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കര്‍ എന്നിവർ അറിയിച്ചു. നേരത്തെ പോരാളി ഷാജി അക്കൗണ്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനും രംഗതെത്തിയിരുന്നു.

ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീര്‍ത്തികരമായ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ഈ അക്കൗണ്ടിനെതിരെ ഡിജിപിക്കും ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ക്കുമാണ് സുധീരന്‍ പരാതി നല്‍കിയത്.