ശബരിമല യുവതീപ്രവേശം: സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് എം.എ.ബേബി

single-img
19 March 2021

സ്ത്രീ തുല്യതയുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടെങ്കിലും ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സിപിഎം നിലപാട് ഇന്നത്തെ സമൂഹത്തില്‍ നടപ്പാക്കാനാവില്ലെന്ന് എം.എ.ബേബി. നാം ജീവിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിലാണെന്ന് ഓര്‍ക്കണം. പാര്‍ട്ടി നിലപാടെല്ലാം ഭരണം കിട്ടിയാല്‍ നടപ്പാക്കാനാവില്ല. സുപ്രീം കോടതി വിധി വന്നാല്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തേ നടപ്പാക്കൂ എന്നും എം.എ.ബേബി പറഞ്ഞു. 

ബിജെപിയിലെ കിടമല്‍സരത്തിന്‍റെ ഭാഗമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം–ബിജെപി ഡീലെന്ന ആര്‍എസ്എസ് നേതാവ് ബാലശങ്കറിന്‍റെ വെളിപ്പെടുത്തലെന്നു പറഞ്ഞ് അദ്ദേഹം തള്ളി.

2 018 ലെ ശബരിമല യുവതീപ്രവേശ വിഷയത്തിലെ നിലപാടിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിനെ തള്ളി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി രംഗത്തു വന്നതോടെയാണ് ശബരിമല വീണ്ടും തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയായത്. 

സിപിഎമ്മും ഇടതു സർക്കാരും സ്വീകരിച്ചതു ശരിയായ നിലപാടായിരുന്നുവെന്നു പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കിയിരുന്നു.  കടകംപള്ളി മാപ്പു പറഞ്ഞത് എന്തിനെന്നറിയില്ലെന്നും യച്ചൂരി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം ചർച്ചയാകാതിരിക്കാൻ പാർട്ടി കരുതലെടുക്കുന്നതിനിടെയാണ് ചാനൽ അഭിമുഖത്തിൽ യച്ചൂരി ഇങ്ങനെ പ്രതികരിച്ചത്.