കേന്ദ്ര നിയമങ്ങളില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് സുപ്രിംകോടതി

single-img
19 March 2021

കേന്ദ്രനിയമങ്ങളില്‍ നിലപാട് അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലേയെന്ന് ചോദ്യമുന്നയിച്ച് സുപ്രിംകോടതി. പൗരത്വ നിയമ ഭേദഗതി, കാര്‍ഷിക നിയമങ്ങള്‍ എന്നിവയ്ക്കെതിരെ കേരളം അടക്കം സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.

കേരളത്തിന്റെ പ്രമേയം നിയമസഭാംഗങ്ങളുടെ അഭിപ്രായമാണ്. നിയമസഭയുടെ നിലപാട് പാര്‍ലമെന്റ് പരിഗണിക്കണമെന്നും, നിയമങ്ങള്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. അതില്‍ അടിച്ചേല്‍പ്പിക്കലില്ല. ജനങ്ങള്‍ നിയമം ലംഘിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞു. പ്രശ്നങ്ങള്‍ ഉണ്ടാക്കാനല്ല, പരിഹാരത്തിനാണ് ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. നിയമനിര്‍മാണ സഭകളുടെ വകുപ്പുകളും, വിധികളും ചൂണ്ടിക്കാണിക്കാന്‍ പരാതിക്കാരനോട് നിര്‍ദേശിച്ച് ഹര്‍ജി മാറ്റിവച്ചു.