ഇന്ത്യയില്‍ ഇപ്പോള്‍ പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ

single-img
15 March 2021

ഇന്ത്യയില്‍ ഇപ്പോള്‍ 2019 മുതൽ പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. 2016- ൽ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ വിപണിയില്‍ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഈ വിവരം വ്യക്തമാക്കിയത്.

രാജ്യം 2019-20 ലും 2020-21 ലും പുതിയ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. മാത്രമല്ല, 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ഇപ്പോള്‍ രാജ്യത്തെ ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ നോട്ടുകൾ ലഭിക്കുന്നത്. വിപണിയില്‍ ഡിമാൻഡ് അടിസ്ഥാനമാക്കി മാത്രമാണ് കറൻസികളുടെ അച്ചടി നടത്തുന്നത്. റിസര്‍വ് ബാങ്കുമായി കേന്ദ്ര സർക്കാർ കൂടിയാലോചിച്ചതിന് ശേഷമാണ് നോട്ടുകൾ രാജ്യത്ത് അച്ചടിക്കുന്നത്.