സഹോദരി സിംഗപ്പൂരാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞു തട്ടിപ്പ്; യുവതി അറസ്റ്റിൽ

single-img
11 March 2021

സിംഗപ്പൂരിൽ ജോലി വാഗ്ദാനം ചെയ്തു 38 ലക്ഷം രൂപ പലരിൽ നിന്നായി തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കായംകുളം അമ്പലപ്പാട്ട് ഗംഗ ജയകുമാർ (26) ആണു അറസ്റ്റിലായത്. ദുബായിലേക്കു കടന്ന ഗംഗ തിരിച്ചു നാട്ടിലെത്തിയപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിലാണു പിടിയിലായത്.

തിരുവല്ല സ്വദേശിയായ യുവാവിന്റെയും കോട്ടയം സ്വദേശിയായ ജ്യോത്സ്യന്റെയും സഹായത്തോടെയാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ജ്യോത്സ്യന്റെ അടുത്ത് എത്തിയിരുന്ന ആളുകളെയാണു പ്രധാനമായും തട്ടിപ്പിന് ഇരയാക്കിയിരുന്നത്. ഇവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം തന്റെ സഹോദരി സിംഗപ്പൂരിലാണെന്നും ജോലിക്ക് ആളെ ആവശ്യമുണ്ടെന്നും പറഞ്ഞാണു ഗംഗ തട്ടിപ്പ് നടത്തിയിരുന്നത്. തിരുവല്ല സ്വദേശിയുടെ അക്കൗണ്ടിലേക്കാണു പണം കൈമാറിയിരുന്നത്. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഇവർക്കെതിരെ 4 കേസുകൾ ഉണ്ട്.

കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. കേസെടുത്തതായി വിവരം ലഭിച്ചതോടെ സംഘത്തിലെ മറ്റു 2 പേരും മുൻകൂർ ജാമ്യം തേടിയിരുന്നു. 

ഇതിനിടയിലാണു ഗംഗ വിദേശത്തേക്കു കടന്നത്. ഇതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് ഇന്റർപോൾ മുഖേന യുവതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണു തിരുവനന്തപുരത്ത് എത്തിയപ്പോൾ ഗംഗ പിടിയിലായത്.

തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഡി.ശിൽപയുടെ നിർദേശത്തെത്തുടർന്നു ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ.ജോഫിയുടെ നേതൃത്വത്തിൽ ചങ്ങനാശേരി എസ്എച്ച്ഒ ആസാദ് അബ്ദുൽ‍ കലാം, എസ്ഐ അനിൽകുമാർ, എഎസ്ഐ ആന്റണി മൈക്കിൾ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രീത ഭാർഗവൻ, സിനിമോൾ എന്നിവരാണ് അന്വേഷണം നടത്തിയത്. ഇന്നു കോടതിയിൽ ഹാജരാക്കും.