പൂര്‍ത്തിയാക്കിയത് വെറും 4 വെയിറ്റിങ് ഷെഡുകൾ പറയുന്നത് 450 കോടിയുടെ വികസനം; ഇല്ലാത്ത വികസന മേനി പറച്ചിൽ, ജനത്തെ എതിരാക്കുമെന്ന് മാണി സി കാപ്പന് യു ഡി എഫ് മുന്നറിയിപ്പ്

single-img
10 March 2021

പാലായില്‍ 450 കോടിയുടെ വികസനം സാധ്യമാക്കിയെന്ന തരത്തിലുള്ള മാണി സി കാപ്പന്‍റെ തെരെഞ്ഞെടുപ്പ് മുദ്രാവാക്യത്തിനെതിരെ യുഡിഎഫ് നേതൃ യോഗത്തില്‍ വിമർശനം. പാലാ മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുടെ ഉന്നതാധികാര സമിതി യോഗത്തിലാണ് വിമർശനവുമായി നേതാക്കൾ രംഗത്ത് എത്തിയത്. ഇല്ലാത്ത വികസന കാര്യങ്ങൾ കാട്ടി നോട്ടീസ് അടിച്ചു പ്രസിദ്ധപ്പെടുത്തുന്നത് ജനങ്ങൾക്കുമുന്നിൽ അപഹാസ്യരാകാനേ ഉപകരിക്കൂവെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞ്.

ചെയ്യാത്ത വികസന കാര്യങ്ങളെക്കുറിച്ചോ കോടികൾ അനുവദിച്ചു എന്നോ പറയുന്നതിന് പകരം ജോസ് കെ മാണിക്കെതിരെയുള്ള പരാമർശങ്ങളും ചെയ്യാൻ പോകുന്ന വികസന കാര്യങ്ങളെക്കുറിച്ചും പറയണമെന്നും നേതാക്കൾ ഓർമിപ്പിച്ചു.

‘ചിലർ വരുമ്പോൾ ചരിത്രം വഴി മാറും’, ‘വേണം നമുക്ക് ഒരു വികസിത പാല’ എന്നിങ്ങനെയുള്ള തലക്കെട്ടിൽ മാണി സി കാപ്പൻ നോടീസ് ഇറക്കിയിരുന്നു. ഇവ വോട്ടർമാർക്കിടയിൽ ആശങ്കയും തെറ്റിദ്ധാരണയും പരത്തുന്നുവെന്ന് ഘടകകക്ഷി നേതാക്കൾ പറഞ്ഞതായും വിവിധ മാധ്യമങ്ങൾ റിപോർട് ചെയ്യുന്നു.

കളരിയാമ്മാക്കൽ പാലം അപ്രോച് റോഡിന് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ സ്വീകരിച്ചുവെന്ന് നോടീസിൽ വന്നിരുന്നു. കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പില്‍ പാലം തുറന്നു കൊടുക്കുമെന്ന് കാപ്പനും എല്‍ഡിഎഫും ഉറപ്പ് നല്കിയിരുന്നു. എന്നാൽ ഇത് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും വിമർശനം ഉണ്ടായി.

ചേർപ്പുങ്കൽ – ഭരണങ്ങാനം ബൈപാസിന് കിഫ്ബി സഹായത്തോടെ 17 കോടി അനുവദിച്ചുവെന്നും പണി ആരംഭിച്ചതായും മാണി സി കാപ്പൻ പ്രസ്താവിച്ചിരുന്നു. എന്നാൽ വാസ്തവം എന്താണെന്ന് ഈ റോഡിന് സമീപത്തുള്ള ജനങ്ങൾക്ക് പോലും വ്യക്തതയില്ലേയെന്നു യുഡിഎഫ് നേതാക്കൾ യോഗത്തിൽ ചോദിച്ചു. ബൈപാസിന്‍റെ സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് കുപ്പിക്കഴുത്ത് പോലുള്ള ഭാഗം ജയിച്ചു വന്നാല്‍ 30 ദിവസം കൊണ്ട് വീതി കൂട്ടി ഗതാഗത യോഗ്യമാക്കുമെന്നായിരുന്നു പ്രചരണം. തെരെഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സെപ്റ്റംബര്‍ 30 നകം വീതി കൂട്ടിയ ഭാഗത്തുകൂടി വാഹനം ഓടുമെന്ന് ഉറപ്പ് നല്കി.അതും നടന്നില്ല. പിന്നീട് കഴിഞ്ഞ ദിവസം കോടതി ഉത്തരവ് പ്രകാരമാണ് സ്ഥലം ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിച്ചത്. സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയായി, സ്ഥല ഉടമകൾക്ക് തുക ട്രഷറിയിൽ വന്നു തുടങ്ങിയ പ്രസ്താവനകൾ കാപ്പൻ നടത്തി. എന്നാൽ സ്ഥലം ഉടമകളിൽ ഒരാളുടെ പോലും കൈകളിലേക്ക് ഇതേവരെ പണം എത്തിയിട്ടില്ല.ഇക്കാര്യത്തിലുള്ള സർകാർ നടപടി ക്രമങ്ങൾ മനസ്സിലാക്കാതെ കാപ്പൻ നടത്തിയ പ്രസ്താവനകൾ അദ്ദേഹത്തിന്റെ അറിവില്ലായ്മയായി ഇടതു മുന്നണി ഉയർത്തിക്കാട്ടിയ കാര്യവും യോഗത്തിൽ നേതാക്കൾ ഉയർത്തി കാട്ടി.

പാലാ – കടുത്തുരുത്തി നിയോജക മണ്ഡലങ്ങൾ കൂട്ടിച്ചേർക്കുന്ന ചേർപുങ്കൽ പാലം പണി മുടങ്ങിക്കിടന്നത് ഉന്നതതലയോഗം വിളിച്ചു നിർമാണം പുനരാരംഭിച്ചു എന്നാണ് കാപ്പനിറക്കിയ വികസന നോട്ടീസിൽ പറയുന്നത്. 20 കോടി ചെലവിട്ട അരുണാപുരം ചെക് ഡാം കം പാലത്തിൻ്റെ പണികൾ പുനരാരംഭിച്ചതായി അറിയിച്ച്‌ കാപ്പൻ പത്ര പ്രസ്താവനയിറക്കിയത് തെറ്റായിപ്പോയില്ലേയെന്ന് ചില നേതാക്കൾ യോഗത്തിൽ ചോദിച്ചു. അരുണാപുരം പാലത്തിനായി ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നുവെന്ന് കാപ്പൻ തിരുത്തി.

ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടന്നാല്‍ പ്രചരണം അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുമ്പോള്‍ മറുപക്ഷം യു ഡി എഫിനെ പ്രതിരോധത്തില്‍ ആക്കുമെന്നും നേതാക്കള്‍ക്ക് ഇത്തരം അബദ്ധങ്ങള്‍ക്ക് മറുപടി പറയേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കരുതെന്നുമായിരുന്നു ജില്ലാ ഭാരവാഹിയായ നേതാവ് പറഞ്ഞത്. 450 കോടിയുടെ വികസനം പറയുന്ന കാപ്പനോടു പൂര്‍ത്തിയായ പദ്ധതികള്‍ ചൂണ്ടികാണിച്ചു തരാന്‍ പറഞ്ഞാല്‍ ആകെയുള്ളത് പാലായിലും പരിസരങ്ങളിലുമായി പൂര്‍ത്തിയാക്കിയ 4 വെയിറ്റിങ് ഷെഡുകൾ മാത്രമാണെന്ന വിമർശനവും ഉയർന്നു.