ബിജെപിയെ പ്രതിസന്ധിയിലാക്കി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രാജിവെച്ചു

single-img
9 March 2021

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ഇന്ന് രാജിവെച്ചു. പകരമായി വിദ്യാഭ്യാസമന്ത്രിയായ ധന്‍ സിംഗ് റാവത്താണ് പുതിയ മുഖ്യമന്ത്രി. ബി ജെ പിയുടെ ഉള്ളില്‍ നിന്നുതന്നെ എതിര്‍പ്പുകള്‍ ശക്തമായതിനെ തുടര്‍ന്നാണ് രാജി എന്നാണ് വിവരം. സംസ്ഥാനത്ത് അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ നിലവിലെ ഭരണകക്ഷിയായ ബി ജെ പിയില്‍ ഇതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരെ എം എല്‍ എമാരില്‍ ഒരു വിഭാഗം തിരിഞ്ഞതോടെയാണ് ഉത്തരാഖണ്ഡില്‍ ബി ജെ പി രാഷ്ട്രീയ പ്രതിസന്ധിയിലെത്തിയത്. പ്രശ്ന പരിഹാരത്തിനായി കേന്ദ്രനേത്രുത്വത്തില്‍ നിന്നും അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടിട്ടും ഫലം ഉണ്ടായിരുന്നില്ല.

മുഖ്യമന്ത്രിക്ക് ജനപിന്തുണ നഷ്ടമായെന്നായിരുന്നു എം എല്‍ എമാരുടെ പരാതി.അതേസമയം മുഖ്യമന്ത്രിയെ മാറ്റിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും എം എല്‍ എമാര്‍ ഉന്നയിച്ചിരുന്നു. നേരത്തെ സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പില്‍ 57 സീറ്റുകള്‍ പിടിച്ചെടുത്താണ് ബി ജെ പി അധികാരത്തില്‍ എത്തിയത്.