കോവിഡ് വാക്സിനെടുത്താൽ റംസാന്‍ നോമ്പ് മുറിയില്ല: ദുബായ് ഗ്രാൻഡ് മുഫ്തി

single-img
8 March 2021

കോവിഡ് വാക്സി൯ സ്വീകരിച്ചാൽ നോമ്പ് മുറിയില്ലെന്ന് ദുബായ് ഗ്രാന്റ് മുഫ്തി ഡോ. ഷെയ്ഖ് അഹ്മദ് ബി൯ അബ്ദുൽ അസീസ് അൽ ഹദ്ദാദ്. റംസാനിന് ഏതാനും ആഴ്ച്ചകൾ മാത്രം അവശേഷിക്കെയാണ് നിർണ്ണായകമായ ഫത്വയുമായി പ്രദേശത്തെ മതകാര്യ ഡിപ്പാർട്ടമെന്റ് തലവ൯ രംഗത്തു വന്നിരിക്കുന്നത്. മറ്റുള്ള കുത്തിവെപ്പുകൾ പോലെ തന്നെ വാക്സി൯ മസിലിനികത്തേക്ക് കുത്തി വെക്കുന്നതിനാൽ വ്രതം മുറിയില്ല എന്നാണ് അൽ ഹദ്ദാദിന്റെ വിശദീകരണം.

സാധാരണ ഗതിയിൽ വ്രതമെടുക്കുന്ന ആളുകൾക്ക് ഭക്ഷണം, വെള്ളം മരുന്ന് തുടങ്ങിയവ കഴിക്കാ൯ പാടുള്ളതല്ല. വായ്, മൂക്ക്, ചെവി തുടങ്ങിയ ദ്വാരങ്ങളിലൂടെ ശരീരത്തിനകത്തേക്ക് വെള്ളം തുടങ്ങിയ വസ്തുക്കൾ കടക്കരുതെന്നാണ് മത നിയമം. വാക്സി൯ മേൽപറഞ്ഞ നിയമത്തിൽ വരുന്നില്ല. കോവിഡ് പരിശോധനക്കായി സ്രവം നൽകിയാലും വ്രതം മുറിയുകയില്ലെന്ന് അൽ ഹദ്ദാദ് ഗൾഫ് ന്യൂസ് പത്രത്തിനായി നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, കോവിഡ് വാക്സി൯ സ്വീകരിച്ച ചില ആളുകളിൽ ക്ഷീണവും, ഛർദ്ധിയും വളരെ വ്യപകമായി കണ്ടു വരുന്നുണ്ട്. നോമ്പ് അനുഷ്ഠിച്ചു കൊണ്ടിരിക്കേ ഇത്തരം വേദന സംഹാരി മരുന്നുകൾ കഴിക്കാ൯ പാടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി സാധാരണ ഗതിയിൽ ഒരാൾ ഛർദ്ധിച്ചാൽ വ്രതം നഷ്ടപ്പെടുകയില്ല. എന്നാൽ ഒരാൾ വായിൽ കൈയിട്ട് മനപ്പൂർവ്വം ചർദ്ധിച്ചാൽ നോമ്പ് മുറിയുമെന്നും അദ്ദേഹം പറയുന്നു.