കിഫ്ബി ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറി; ഇഡിക്കെതിരെ പൊലീസ് കേസ് എടുക്കും

single-img
5 March 2021

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേരളാ പൊലീസ് കേസ് എടുക്കും. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. വനിതാ ഉദ്യോഗസ്ഥയോട് ഇഡി ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും.

ഇഡി ഭീഷണിപ്പെടുത്തിയെന്ന കിഫ്ബി ഉദ്യോഗസ്ഥയുടെ പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ കിഫ്ബിയിലെ വനിതകൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടു മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു.

തിരഞ്ഞെടുപ്പു കാലത്തു കേന്ദ്ര ഏജൻസി ആർക്കു വേണ്ടിയാണു ചാടിയിറങ്ങിയതെന്നു തിരിച്ചറിയാൻ പാഴൂർപടിപ്പുര വരെ പോകേണ്ടതില്ല. ബിജെപിയെയും കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള പ്രവർത്തനമല്ല ഇവർ നടത്തേണ്ടത്.

റിസർവ് ബാങ്കിന്റെ അനുമതിയോടെയും ചട്ടങ്ങൾ പാലിച്ചും കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചു. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കൊച്ചിയിൽ കിഫ്ബിക്കെതിരെ പ്രസംഗിച്ചെങ്കിലും അതു ജനം മുഖവിലയ്ക്കെടുത്തില്ല. അതിനാലാണ് ഇഡിയെ ഉപയോഗിക്കുന്നത്. മന്ത്രിയുടെ ഇംഗിതം നടപ്പാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ അതിരു കവിഞ്ഞ വ്യഗ്രത കാട്ടുന്നു.

അന്വേഷണ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ മേലാളന്മാർക്കും ഇഷ്ടമുള്ള മൊഴി നൽകിയില്ലെങ്കിൽ അപമര്യാദയായി അഭിസംബോധന ചെയ്യുകയും ഭീഷണിപ്പെടുത്തി വഴിക്കു കൊണ്ടുവരാൻ ശ്രമിക്കുകയുമാണ്. വേണ്ടിവന്നാൽ ശാരീരികമായി ഉപദ്രവിക്കും എന്നാണു ഭാവം.
ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായാൽ അതിനിരയാകുന്നവർക്കു സംരക്ഷണം നൽകാൻ നാട്ടിൽ നിയമമുണ്ട്– പിണറായി പറഞ്ഞു.