കിഫ്‌ബി ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍

single-img
4 March 2021

കിഫ്ബി വിവാദം ആളിപ്പടരുന്നതിനിടെ ഉദ്യോഗസ്ഥര്‍ ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യലിന് വിളിച്ചു വരുത്താനാകില്ലെന്ന് ഇ.ഡി യുടെ സമന്‍സിന് സര്‍ക്കാര്‍ മറുപടി നല്‍കി.

ഇ.ഡി പെരുമാറ്റ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. നടപടി എടുക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറും ഹാജരാകില്ലെന്ന് രേഖാമൂലം ഇ.ഡിയെ അറിയിച്ചത്. 

ധനമന്ത്രിയും സി.പി.എമ്മും രാഷ്ട്രീയമായാണ് ഇതിനെ നേരിടുന്നത്. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ഇതിന് ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ വിശദമാക്കി മുഖ്യമന്ത്രി ഇന്ന് വ്യാഴാഴ്ച വൈകിട്ട് വാര്‍ത്താസമ്മേളനം വിളിക്കാന്‍ സാധ്യതയുണ്ട്.  

മുഖ്യമന്ത്രി നിയമവാഴ്ചയെ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള കേസുകളുടെ അന്വേഷണം നിലച്ചത് ഇതിന്റെ ഭാഗമാണെന്നും പ്രതിപക്ഷനേതാവ് അടക്കം ആരോപിച്ചു. അതേ സമയം കിഫ്ബിയുടെ കത്തിന്‍മേല്‍ ഇ.ഡി എന്ത് നടപടി സ്വീകരിക്കും എന്നത് ഏറെ പ്രധാനമാണ്.