പോണ്‍ രംഗങ്ങള്‍ വരെ കാണിക്കുന്നു; ഒടിടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി

single-img
4 March 2021

ഓണ്‍ലൈന്‍ റിലീസ് പ്ലാറ്റ്ഫോമായ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് രാജ്യത്ത് ശക്തമായ നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി. ഇവിടെ വരുന്ന പല സിനിമകളിലും സീരീസുകളിലും പോണ്‍ രംഗങ്ങള്‍ വരെ കടന്നുവരുന്നുണ്ടെന്നും അതിനാല്‍ അത്തരം പരിപാടികള്‍ക്ക് നിയന്ത്രണം വേണമെന്നുമാണ് സുപ്രീംകോടതി നടത്തിയ നിരീക്ഷണം.

അടുത്തിടെ ആമസോണ്‍ പ്രൈമില്‍ വന്ന താണ്ഡവ് എന്ന സീരീസുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ‘നാം സിനിമകള്‍ കാണാന്‍ ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളും ഇന്‍റര്‍നെറ്റും ഉപയോഗിക്കുന്നത് സാധാരണമാണ്. ഇത്തരത്തില്‍ സ്‌ക്രീനിംഗ് ഉണ്ടായേ തീരൂ’- ജസ്റ്റിസ് അശോക് ഭൂഷണ്‍ പറഞ്ഞു.

ചില ഉള്ളടക്കങ്ങളില്‍ പോണ്‍ ഉള്ളടക്കങ്ങള്‍ വരെ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്നുണ്ടെന്നും നിയന്ത്രണം അനിവാര്യമാണെന്നും ജസ്റ്റിസ് ആര്‍ എസ് റെഡ്ഡി നിരീക്ഷിച്ചു. സോഷ്യല്‍ മീഡിയയിലെ പ്ലാറ്റ്ഫോമുകളെ സംബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ അറിയിക്കാന്‍ സുപ്രീംകോടതി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ആവശ്യപ്പെട്ടു. താണ്ഡവ് സീരീസുമായി ബന്ധപ്പെട്ട കേസില്‍ ആമസോണ്‍ ഇന്ത്യ വിഭാഗം മേധാവി അപര്‍ണ പുരോഹിത് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.