നാലാം ടെസ്റ്റിനിടെ പരസ്പരം കൊമ്പ് കോര്‍ത്ത് കോഹ്‌ലിയും സ്റ്റോക്‌സും

single-img
4 March 2021

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സും തമ്മില്‍ വാക് പോര്. മത്സരത്തിന്റെ ആദ്യ സെഷനില്‍ തന്നെയായിരുന്നു ഇരുവരും പരസ്പരം കൊമ്പ് കോര്‍ത്തത്. അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെ പുറത്താക്കിയതിന് പിന്നാലെയാണ് സംഭവങ്ങള്‍.

മുഹമ്മദ് സിറാജാണ് റൂട്ടിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. സിറാജിന് നേരെ സ്റ്റോക്ക് എന്തോ പറയുകയും ചെയ്തു. പിന്നീട് കോഹ്ലി ഇടപെട്ടതോടെ സ്റ്റോക്കും കോഹ്ലിയും തമ്മിലായി. ഒടുവില്‍ അമ്പയര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

അതേസമയം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നിലയുറപ്പിക്കാനായിട്ടില്ല. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി നേടിയ സ്റ്റോക്കാണ് ഇംഗ്ലണ്ടിനെ നൂറു കടത്തിയത്. ജോണി ബെയര്‍‌സ്റ്റോ 28 റണ്‍സ് നേടി. 55 റണ്‍സാണ് സ്റ്റോക്ക് നേടിയത്. അക്‌സര്‍ പട്ടേലും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറിനാണ് ഒരു വിക്കറ്റ്.