ബിജെപി അധികാരത്തിലെത്തും; ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കും: മെട്രോമാൻ ഇ ശ്രീധരൻ

single-img
4 March 2021

കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. ഡിഎംആർസിയിൽനിന്ന് രാജിവയ്‌ക്കുമെന്ന് ശ്രീധരൻ പറഞ്ഞു. ഡിഎംആർസി സംഘത്തിനൊപ്പം പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലത്തിൽ പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കുമെന്നും ശ്രീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

“പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവും. വലിയ സന്തോഷമുണ്ട്. ഞായറാഴ്ചയ്ക്കുള്ളിൽ ആര്‍ബിഡിസികെയ്‌ക്ക് പാലം കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാന ദിനമാണിത്,” ശ്രീധരൻ പറഞ്ഞു.

“എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല, ടെക്നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവർത്തനം നടത്തുക. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല, പകരം ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല, മനസിന്റെ പ്രായമാണ് പ്രധാനം,” നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് ശ്രീധരൻ പറഞ്ഞു.

ബിജെപി വന്നാലേ കേരളത്തിന്‌ നീതി ഉറപ്പാക്കാൻ കഴിയൂവെന്ന് ഇ.ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീധരനെ പാർട്ടിയിൽ എത്തിച്ചതെന്നാണ് സൂചന. ശ്രീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇ.ശ്രീധരൻ ബിജെപിയിലേക്കെന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു.