കേരളത്തിൽ ബിജെപി അധികാരത്തിൽ വന്നാല്‍ 60 രൂപയ്ക്ക് പെട്രോളും ഡീസലും നല്‍കും: കുമ്മനം

single-img
3 March 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ അറുപത് രൂപയ്ക്ക് പെട്രോളും ഡീസലും നൽകുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ബിജെപി അധികാരത്തില്‍ വന്നാല്‍ പെട്രോളും ഡീസലും ജിഎസ്ടിക്ക് കീഴിൽ കൊണ്ടുവരുമെന്നും ആഗോളതലത്തിലുള്ള വില വ്യത്യാസമാണ് ഇപ്പോഴുള്ള പെട്രോൾ ഡീസൽ വിലയ്ക്ക് കാരണമെന്നും കുമ്മനം പറയുന്നു.

നിലവില്‍ നമ്മുടെ രാജ്യത്ത് പെട്രോളിനും ഡീസലിനും കേന്ദ്രം ചുമത്തുന്ന നികുതി വളരെ തുച്ഛമാണ്, അത് വെറും 19 ശതമാനം മാത്രമാണെന്നും കുമ്മനം അവകാശപ്പെട്ടു. ഇപ്പോഴുള്ള ഇന്ധന വില വർദ്ധനവ് സംബന്ധിച്ച് കേന്ദ്രസർക്കാരാണ് അഭിപ്രായം പറയേണ്ടത്. സംസ്ഥാനത്ത് ഒരു കാരണവശാലും പെട്രോളിനും ഡീസലിനും ജിഎസ്ടി നടപ്പാക്കില്ലെന്ന് തോമസ് ഐസക് പറയുന്നതിന്റെ കാരണമെന്താണ്. അന്താരാഷ്‌ട്ര തലത്തിലുള്ള വ്യതിയാനങ്ങൾക്ക് അനുസരിച്ചാണ് പെട്രോൾ വിലയിൽ മാറ്റം ഉണ്ടാകുന്നതെന്നും കുമ്മനം പറയുന്നു.

നമ്മുടെ രാജ്യത്ത് തന്നെ അസം സർക്കാർ തങ്ങൾക്ക് ലഭിക്കുന്ന വിഹിതം വെട്ടിക്കുറച്ചുകൊണ്ട് ഇന്ധന വില കുറച്ചല്ലോ. അങ്ങനെയാണ് അവർ വിലക്കയറ്റത്തെ പ്രതിരോധിച്ചത്. ആ രീതിയില്‍ എന്തുകൊണ്ട് കേരള സർക്കാർ ചെയ്യുന്നില്ലെന്നും കുമ്മനം ചോദിക്കുന്നു.