കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി; വീണ്ടും ജനവിധി തേടി മുകേഷ്, നൗഷാദ്

single-img
2 March 2021

കൊല്ലത്ത് സിപിഐഎം സാധ്യതാ പട്ടികയായി. എംഎൽഎമാരായ എം. മുകേഷ്, എം. നൗഷാദ് എന്നിവർ വീണ്ടും ജനവിധി തേടും.
ചവറയിൽ ഡോ.സുജിത്ത് വിജയനെ സ്ഥാനാർത്ഥിയാക്കാൻ ജില്ലാ സെക്രട്ടേറിയേറ്റിൽ ധാരണയായിട്ടുണ്ട്. സുജിത്ത് വിജയന്റെ ചിഹ്നം സംബന്ധിച്ച തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടു.

കഴിഞ്ഞ തവണ കൊല്ലത്ത് സിപിഐഎം നാല് സീറ്റിലാണ് മത്സരിച്ചത്. എന്നാൽ ഇത്തവണ ചവറ കൂടി ഏറ്റെടുത്ത് അഞ്ച് സീറ്റിൽ മത്സരിക്കും. കഴിഞ്ഞ തവണ സിഎംപി അരവിന്ദാക്ഷൻ വിഭാഗത്തിൽ ചവറ വിജയൻപിള്ളയാണ് മത്സരിച്ചത്. എന്നാൽ സിഎംപി അരവിന്ദാക്ഷൻ വിഭാഗം പൂർണമായും സിപിഐഎമ്മിൽ ലയിച്ചതിന് പിന്നാലെയാണ് അഞ്ച് സീറ്റിലും സിപിഐഎം മത്സരിക്കുന്നത്.

അതേസമയം, മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരവസരം കൂടി നൽകണമെന്ന് ജില്ലാ സെക്രട്ടേറിയേറ്റ് ആവശ്യപ്പെട്ടു.
മേഴ്‌സികുട്ടിയമ്മ മത്സരിക്കുന്നില്ലെങ്കിൽ എസ്.എൽ. സജികുമാറിനെയോ ചിന്താ ജെറോമിനേയോ മത്സരിപ്പിക്കണം. കൊട്ടാരക്കരയിൽ കെ.എൻ ബാലഗോപാലിനെ മൽസരിപ്പിക്കണമെന്നാണ് ആവശ്യം. എം.എൽ.എ ഐഷ പോറ്റിയുടെ പേരും പരിഗണനയിലുണ്ട്. എന്നാൽ കുന്നത്തൂർ സിപിഐഎം ഏറ്റെടുക്കില്ലെന്ന് ജില്ലാ നേതൃത്വം അറിയിച്ചു. ആർഎസ്പി ലെനിനിസ്റ്റ് പാർട്ടി അംഗമായ കോവൂർ കുഞ്ഞുമോനെ തന്നെ കുന്നത്തൂരിൽ പിന്തുണയ്ക്കും.