വട്ടിയൂർക്കാവോ തിരുവനന്തപുരം സെന്‍ട്രലോ സുരേഷ് ഗോപിക്ക് തിരഞ്ഞെടുക്കാം; ബിജെപി കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും

single-img
1 March 2021

ബിജെപിഎംപി സുരേഷ് ഗോപി ഇത്തവണ വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരത്തോ സ്ഥാനാര്‍ഥിയായേക്കും. കേന്ദ്ര നേതൃത്വവും സംസ്ഥാന കമ്മിറ്റിയും ഇക്കാര്യം സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ എ ക്ലാസ് മണ്ഡലങ്ങളായി കരുതുന്ന വട്ടിയൂര്‍ക്കാവിലോ തിരുവനന്തപുരം സെന്‍ട്രലിലോ സുരേഷ് ഗോപി സ്ഥാനാര്‍ഥിയാകണമെന്നാണ് ആവശ്യം. മണ്ഡലം ഏതെന്ന് അദ്ദേഹത്തിനു തിരഞ്ഞെടുക്കാം. ആര്‍എസ്എസും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

വട്ടിയൂര്‍ക്കാവാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനൊടുവില്‍ മണ്ഡലം പിടിക്കാമെന്നാണ് ആര്‍എസ്എസ് നിഗമനം. ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വത്തെ ആര്‍എസ്എസ് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത്തവണ താൻ മത്സരത്തിനില്ലെന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോടു പ്രതികരിച്ചത്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ നിലവില്‍ രാജ്യസഭാംഗമായ സുരേഷ് ഗോപി മത്സരത്തിനിറങ്ങേണ്ടി വരുമെന്നാണ് സംസ്ഥാന നേതാക്കളുടെ പക്ഷം.

അതേസമയം, കെ.സുരേന്ദ്രന്‍റെ സ്ഥാനാർഥിത്വം നിര്‍ദേശിച്ച് ആറു ജില്ലാ കമ്മിറ്റികള്‍ സംസ്ഥാന നേതൃത്വത്തിനു കത്തു നല്‍കി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, കാസര്‍കോട്, പാലക്കാട് ജില്ലാ കമ്മിറ്റികളാണ് കെ.സുരേന്ദ്രന്‍ എത്തണമെന്നാവശ്യപ്പെട്ട് കത്തു നല്‍കിയത്. സംസ്ഥാന നേതൃത്വം നല്‍കിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര നേതൃത്വത്തിന്‍റെ സര്‍വേയുടെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥാനാര്‍ഥി പട്ടികയെത്തുക.