കോവിഡ് വാക്സീൻ എടുത്തതിന്റെ പേരിൽ സഹപ്രവർത്തകരുടെ അധിക്ഷേപം; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആനിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസ്

single-img
1 March 2021
Revenue-staff-suicide

തിരുവനന്തപുരം ലാൻഡ് റവന്യു കമ്മിഷണർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് അഞ്ചുതെങ്ങ് കായിക്കര വെ‍ൺമതിയിൽ ആനി(48) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അഞ്ചുതെങ്ങ് പൊലീസ്.  അസ്വാഭാവിക മരണമാണെന്നും മരണത്തെക്കുറിച്ചു അന്വേഷണം നടത്തണമെന്നുമുള്ള ബന്ധുക്കളു‍ടെയും നാട്ടുകാരു‍ടെയും പരാതിയെത്തുടർന്നാണ് കേസെടുത്തത്. 

കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ആനി‍യെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. എല്ലാവരോടും സൗമ്യമായി ഇടപെ‍ട്ടിരുന്ന ആനി കഴിഞ്ഞ കുറെ ദിവസങ്ങളായി കടുത്ത മാനസിക സംഘർഷത്തിലാ‍യിരുന്നുവെന്നും ഓഫിസിൽ സഹപ്രവർത്തകരായ ചിലരുടെ പെരുമാറ്റം സഹിക്കാവുന്നതിൽ  അപ്പുറമാണെന്നും കുടുംബാംഗങ്ങളെ  അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.  ഇതുമായി ബന്ധപ്പെട്ടു ആനി എഴുതിയതായി പറയുന്ന ഡയറി പൊലീസ് കണ്ടെടുത്തു. 

തിരുവനന്തപുരം ഗവ. പ്രസിലെ ജീവനക്കാരിയായിരുന്ന ആനി അടുത്തിടയാണു റവന്യു കമ്മിഷണർ ഓഫിസി‍ൽ എത്തുന്നത്. കോവിഡ് വാക്സീൻ എടുത്തതിന്റെ പേരിൽ ഓഫിസിലെ ചിലർ കളിയാക്കുന്ന തരത്തിൽ  പ്രതികരിച്ചിരുന്നതായി പറയുന്നു. ഇതിന്റെ പേരിൽ ഓഫിസിലെ സഹപ്രവർത്തകരു‍മായി വാക്കേ‍റ്റമുണ്ടായതായും സൂചനയുണ്ട്.  ഇതുമായി ബന്ധപ്പെട്ടു ചിലരുടെ പേരുകളും  ഡയറിയിൽ കുറിച്ചിട്ടു‍ള്ളതായാണ് വിവരം.   കൂടുതൽ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചു. 

പൊലീസ് ആവശ്യപ്പെട്ടാൽ വിവരങ്ങൾ കൈമാറുമെന്നു ലാൻഡ് റവന്യു കമ്മിഷണർ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. ഭർത്താവ് തൃലോച‍നനുമായി ഏറെ നാളുകളായി അകന്നു കഴിയുകയായിരുന്നു. വിദ്യാർഥികളായ വിഷ്ണു, പാർവതി രണ്ട് മക്കളാണ് ആനിക്കുള്ളത്.