ഇന്ധന വില കുറച്ചാല്‍ രാമഭക്തർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയും; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് ശിവസേന

single-img
23 February 2021

രാജ്യത്ത് അനുദിനം വര്‍ദ്ധിക്കുന്ന ഇന്ധന വിലയിൽ കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവും പരിഹാസവുമായി ശിവസേന. അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള നടപടികളാണ് കേന്ദ്രം സ്വീകരിക്കേണ്ടത് എന്ന് പാർട്ടി മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിൽ പറയുന്നു. ഇന്ധനത്തിന്റെ വില കുറയ്ക്കുക വഴി രാമഭക്തർക്ക് ഭക്ഷണം ഉറപ്പാക്കാൻ കഴിയുമെന്ന് സാമ്‌നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ശ്രീ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിനാണ് നിലവില്‍ രാമക്ഷേത്ര നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല. ഈ ട്രസ്റ്റ് ക്ഷേത്ര നിർമാണത്തിനായി ഒരു രാജ്യവ്യാപക ധനസമാഹരണത്തിനു കഴിഞ്ഞ മാസം മുതല്‍ തുടക്കം കുറിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ശിവസേനവും പരിഹാസം. രാജ്യത്തെ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കേണ്ടത് കേന്ദ്ര സർക്കാരിന്റെ ബാധ്യതയാണെന്ന് ശിവസേന പറയുന്നു.

മുന്‍ കാലങ്ങളില്‍ ഇന്ധന വിലവർധനയിൽ സമരങ്ങൾ നടത്താറുള്ള ബിജെപി ഇപ്പോൾ എന്ത് കൊണ്ടാണ് ഓരോ ദിവസവും കൂടുന്ന ഇന്ധന വിലയിൽ മൗനം അവലംബിക്കുന്നതെന്നു മുഖപ്രസംഗത്തിൽ ചോദിക്കുന്നു.ഇതോടൊപ്പം തന്നെ കോൺഗ്രസ് ഭരണകാലത്ത് ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ച നടന്മാരായ അക്ഷയ് കുമാറും അമിതാഭ് ബച്ചനും നിലവിലെ ഇന്ധന വില വർദ്ധനവിൽ മൗനം പാലിക്കുന്നതിനെയും സാമ്ന കുറ്റപ്പെടുത്തുന്നുണ്ട്.