രണ്ടില ജോസ് കെ മാണിക്ക് തന്നെ; ജോസഫിൻ്റെ അപ്പീൽ ഹൈക്കോടതി തള്ളി

single-img
22 February 2021
jose k mani randila

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനെന്ന് ഹൈക്കോടതി. ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരായി ജോസഫ് വിഭാഗം നൽകിയ അപ്പീല്‍ കോടതി തള്ളുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറിലാണ് കേരളാ കോണ്‍ഗ്രസ് എം എന്ന പാര്‍ട്ടിയും ചിഹ്നമായ രണ്ടിലയും ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ പി ജെ ജോസഫ് ഹൈക്കോടതിയിലെത്തുകയും ഹൈക്കോടതി പാര്‍ട്ടി ചിഹ്നമായ രണ്ടില മരവിപ്പിക്കുകയും ചെയ്തു.തുടര്‍ന്ന് ഹൈക്കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കുകയും ജോസഫ് വിഭാഗത്തിന്റെ ഹര്‍ജി തള്ളുകയുമായിരുന്നു.

കെഎം മാണിയുടെ മരണത്തിനു ശേഷം ഇരുവിഭാഗമായാണ് കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണവും കോടതി അംഗീകരിച്ചു. ഇത് പ്രകാരം അംഗബലം കൂടുതലുള്ള ജോസ് പക്ഷത്തിന് ഔദ്യോഗിക ചിഹ്നവും അംഗീകാരവും കോടതി വിധിക്കുകയായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ജോസ് വിഭാഗത്തിന് ചിഹ്നം ലഭിച്ചത് ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ജോസഫ് വിഭാഗം. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് സിംഗിള്‍ ബഞ്ച് വിധിയില്‍ അടിയന്തര സ്റ്റേ ആവശ്യപ്പെട്ട് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാന്‍ ജോസഫ് വിഭാഗം നീക്കം നടത്തിയത്.
ജോസ് പക്ഷത്തിന് ചിഹ്നമനുവദിച്ചുള്ള കോടതി വിധിയോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ സ്വതന്ത്രരുടെ ഗണത്തിലേക്ക് മാറുമോ എന്ന ആശങ്കയും ജോസഫ് പക്ഷത്തിനുണ്ടായിരുന്നു.

“Randila” belongs to Jose K Mani group, ruled Kerala High Court