മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല: മുഖ്യമന്ത്രി

single-img
20 February 2021
ramesh chennithala pinarayi vijayan

കേരളത്തിലെ ആഴക്കടല്‍ മത്സ്യബന്ധനവിവാദത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവിന്റെ പാര്‍ട്ടിയാണ് അധികാരത്തില്‍ ഇരുന്നപ്പോള്‍ കോര്‍പ്പറേറ്റ് ഇടപെടലിന് തീരുമാനം കൊണ്ടുവന്നത്. ആ സമയം നരസിംഹറാവുവായിരുന്നു പ്രധാനമന്ത്രി. വൈദേശിക ഭീമന്മാര്‍ക്ക് മത്സ്യസമ്പത്ത് തീറെഴുതിക്കൊടുത്ത ചരിത്രമാണ് കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ല. മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ മത്സ്യമേഖലയില്‍ സര്‍ക്കാര്‍ കൃത്യമായ നയം രൂപീകരിച്ചു. അതില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘വിദേശ ട്രോളറുകള്‍ക്കോ, തദ്ദേശീയ കോര്‍പ്പറേറ്റ് യാനങ്ങള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുവാദം നല്‍കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും എന്ന് വ്യക്തമാക്കിയതാണ്. സംസ്ഥാനത്തിന്റെ തീരക്കടലില്‍ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കും. പുതിയ യാനങ്ങള്‍ക്കുള്ള അനുമതി പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാക്കും’, മുഖ്യമന്ത്രി പറഞ്ഞു.