വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

single-img
17 February 2021

നെയ്യാറ്റിന്‍കരയിൽ വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചതില്‍ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. നെയ്യാറ്റിന്‍കര പെരിങ്കടവിള സ്വദേശി സനല്‍ ആണ് മരിച്ചത്. പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ മൂലമാണ് കെ.എസ്.ഇ.ബി വൈദ്യുത ബന്ധം വിച്ഛേദിച്ചതെന്ന് ആരോപിച്ചാണ് സനല്‍ ചൊവ്വാഴ്ച ആത്മഹത്യക്ക് ശ്രമിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. 

സനലിന്റെ വീട്ടിലെ വൈദ്യുതി ബില്ലില്‍ കുടിശിക ഉണ്ടായിരുന്നതിനാല്‍ വൈദ്യുത ബന്ധം വിച്ഛേദിക്കാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ ഇന്നലെ എത്തിയിരുന്നു. എന്നാല്‍ സനല്‍ വീട്ടിലില്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഇന്ന് പണം അടയ്ക്കാം എന്നറിയിച്ച് അധികൃതരെ തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടല്‍ മൂലം കെ.എസ്.ഇ.ബി അധികൃതര്‍ വീണ്ടും വീട്ടിലെത്തി  വൈദ്യുത ബന്ധം വിച്ഛേദിച്ചുവെന്നാണ് ഇവരുടെ ആരോപണം. 

തദ്ദേശ തിരഞ്ഞെടുപ്പില്‍ പെരുങ്കടവിള പഞ്ചായത്തില്‍ യുഡിഎഫ് വിമത സ്ഥാനാര്‍ഥിയായിരുന്നു സനല്‍. നിലവിലെ പഞ്ചായത്ത് പ്രസിഡന്റായ സുരേന്ദ്രന് എതിരായാണ് അദ്ദേഹം മത്സരിച്ചത്. റിബലായി മത്സരിച്ച സാഹചര്യത്തില്‍ വൈരാഗ്യ ബുദ്ധിയോടെയാണ് പഞ്ചായത്ത് പ്രസിഡന്റ് പെരുമാറിയതെന്നാണ് ആരോപണം. 

പക്ഷേ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കുടിശിക ഉണ്ടായ സാഹചര്യത്തില്‍ പ്രദേശത്തെ പത്തോളം വീടുകളുടെ വൈദ്യുതി വിച്ഛേദിച്ചുവെന്നും ആരുടേയും ഇടപെടല്‍കൊണ്ടാല്ലെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ പ്രതികരിച്ചിരുന്നു.