കർഷക സമരത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് താൻ ഉൾപ്പെടുന്ന പരിസ്ഥിതി കൂട്ടായ്മ ടൂൾകിറ്റ് തയാറാക്കിയതെന്ന് നികിതയുടെ മൊഴി

single-img
16 February 2021

കലാപത്തിനും അക്രമത്തിനും ശ്രമിച്ചിട്ടില്ല. ടൂൾകിറ്റ് ഉണ്ടാക്കിയത് താൻ അംഗമായ പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത ജേക്കബ് പൊലീസിന് മൊഴി നൽകിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചേർത്തു വയ്ക്കുക മാത്രമാണ് ചെയ്തതെന്നും നികിതയുടെ മൊഴിയിലുണ്ട്.

ജനാധിപത്യ വിരുധമായി ഒന്നുമില്ല; സമരത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് ടൂൾകിറ്റ് തയാറാക്കിയത്. കർഷക സമരത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു. കുടുതൽ പേരിൽ നിന്ന് സമരത്തിന് പിന്തുണ നേടിക്കൊടുക്കാൻ  ശ്രമിച്ചു.

അതേസമയം ടൂൾകിറ്റ് ഗ്രേറ്റയ്ക്ക് കൈമാറിയത് താനല്ലെന്നും പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ എക്സ് ആർ ഇന്ത്യയുടെ ഗ്രൂപ്പിൽ അഭിപ്രായങ്ങൾ പറയാൻ ടൂൾകിറ്റ് പങ്കുവച്ചിരുന്നുവെന്നും ഗ്രൂപ്പിലെ ഒരംഗമാണ് ഗ്രേറ്റയ്ക്ക് ഇത് അയച്ചുകൊടുത്തതെന്നും മൊഴിയിലുണ്ട്. ഇതേ വാദങ്ങൾ ജാമ്യാപേക്ഷയിലും അഭിഭാഷകർ ഉന്നയിക്കും.

അതേസമയം നികിത ജേക്കബിൻറെയും ശന്തനു മുളുകിൻറെയും അറസ്റ്റിനായി മഹാരാഷ്ട്രയിൽ എത്തിയ ദില്ലി പൊലീസ് സംഘം ഹൈക്കോടതിയുടെ ഇന്നത്തെ തീരുമാനം നിരീക്ഷിച്ച ശേഷം അറസ്റ്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

നികിത ജേക്കബിന്റെ ഫോൺ പരിശോധിച്ചുവരുന്നതായി പൊലീസ് പറഞ്ഞു. അമേരിക്കൻ ആക്ടിവിസ്റ്റ് പീറ്റർ ഫെഡറിക്കിൻറെ ഇടപെടലും അന്വേഷിക്കുന്നുണ്ട്. തന്നെ ഖാലിസ്ഥാൻവാദിയായി ചിത്രീകരിക്കുന്നത് അപഹാസ്യമെന്ന് ഫെഡറിക് പ്രതികരിച്ചു.