ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യണം; നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

single-img
10 February 2021

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം. ഇന്ന് ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിവിധ വകുപ്പുകള്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.

ഇതോടൊപ്പം തന്നെ ഇടതുമുന്നണി സര്‍ക്കാര്‍ വന്ന ശേഷം നടന്ന നിയമനങ്ങളും മുന്‍ സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളും സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. വേക്കന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിന്റെ ഏകോപനച്ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.

കേരളത്തിലെ വിവിധ ഏകാധ്യാപക വിദ്യാലയങ്ങളില്‍ ജോലി ചെയ്തുവരുന്ന 344 അധ്യാപകരെ സ്ഥിരപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു. ഇവിടങ്ങളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് സ്ഥിരപ്പെടുത്തുന്നത്. അതോടൊപ്പം തന്നെ സിവില്‍ സപ്ലൈസില്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മരവിപ്പിച്ച തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനും തീരുമാനമായി.