കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്ന എല്ലാ കർഷകരോടും നിലക്കാത്ത ആദരവുണ്ട്: പ്രധാനമന്ത്രി
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന എല്ലാ കർഷകരോടും സഭക്കും സർക്കാരിനും നിലക്കാത്ത ആദരവുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ അതുകൊണ്ടുതന്നെ സർക്കാരിന്റെ പ്രതിനിധി അവരോടു നിരന്തരമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. മാത്രമല്ല, ഈ വിഷയത്തിൽ എല്ലാ ചെറിയ കാര്യങ്ങൾ വരെ ചർച്ച ചെയ്യാനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ലോക് സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. നമ്മുടെ രാജ്യത്തെ കാർഷികരംഗം നാളുകളായി നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാണ് പുതിയ നിയമങ്ങളെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഗണിക്കാനും, ബോധ്യപ്പെടുത്തിയാൽ തിരുത്താനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു .
‘കേന്ദ്രം നിയമങ്ങള്‍ കൊണ്ടു വന്നതിന് ശേഷം രാജ്യത്തെ ഒരു ചന്തകളും നിലച്ചിട്ടില്ല ,ഒരു താങ്ങുവിലയും നിർത്തലാക്കിയിട്ടുമില്ല. കർഷകരിൽ നിന്നും പുതിയ നിയമങ്ങൾ യാതൊന്നും കവർന്നെടുത്തിട്ടില്ല. എല്ലാം പഴയപോലെ തന്നെ നില നിൽക്കുന്നു. കർഷകന് താല്പര്യമുള്ളതും ലാഭകരമായതുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള സൗകര്യമാണ് ഈ നിയമങ്ങൾ നൽകുന്നത്,’പ്രധാനമന്ത്രി സഭയിൽ പ്രസ്താവിച്ചു.