ശബരിമല യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി ചെന്നിത്തല; തെറ്റിദ്ധാരണ മാറ്റും

single-img
10 February 2021

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ യുഡിഎഫിന്റെ ഇടപെടലില്‍ ആത്മാര്‍ത്ഥയില്ലെന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ വിമര്‍ശനത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷം എന്ന നിലയില്‍ ശബരിമല വിഷയത്തിൽ തയ്യാറാക്കി നല്‍കിയ അനൗദ്യോഗിക ബില്ലുകള്‍ ബിജെപി-സിപിഎം സര്‍ക്കാരുകള്‍ എതിര്‍ക്കുകയാണ് ഉണ്ടായിട്ടുള്ളത്.

ശബരിമല വിഷയത്തില്‍ പ്രതിപപക്ഷം ഒന്നും ചെയ്തില്ല എന്ന് പറയുന്നത് ശരിയല്ല. നിയമസഭയില്‍ എം.വിന്‍സെന്റ് അനൗദ്യോഗിക ബില്‍ നല്‍കി. ബില്ല് അവതരിപ്പിക്കുന്നതിന് നിയമപരപമായ പ്രാബല്യമില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അവതരണാനുമതി നിഷേധിക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് പ്രതിപക്ഷം എന്തു ചെയ്തു എന്ന ചോദ്യം അപ്രസക്തമാണ്. ബില്ല് എന്റെ അനുമതിയോടുകൂടിയാണ് എം.വിന്‍സെന്റ് നല്‍കിയത്. നിയമവകുപ്പ് അംഗീകരിക്കുന്നില്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ തള്ളിയത്. അതില്‍ കൂടുതല്‍ ഞങ്ങള്‍ക്ക് എന്ത് ചെയ്യാനാണ് സാധിക്കുകയെന്നും ചെന്നിത്തല ചോദിച്ചു.

പാര്‍ലമെന്റില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എതിര്‍ക്കുകയാണ് ഉണ്ടായത്. ഞങ്ങള്‍ പാര്‍ലമെന്റിലും നിയമസഭയിലും പ്രതിപക്ഷം എന്ന നിലയില്‍ അനൗദ്യോഗിക ബില്ലുകള്‍ തയ്യാറാക്കി നല്‍കിയതാണ്. ബിജെപി-സിപിഎം സര്‍ക്കാരുകള്‍ അതിനെ എതിര്‍ക്കുകയാണ് ഉണ്ടായിട്ടുള്ളത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ വിളിച്ചുകൂട്ടി പ്രയാര്‍ ഗോപാലകൃഷ്ണന്‍ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സുകുമാരന്‍ നായര്‍ തെറ്റിദ്ധാരണമൂലം പറഞ്ഞതായിരിക്കുമെന്നും വേണ്ടി വന്നാല്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് വിശദീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

നിയമന വിഷയത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തെറ്റുകള്‍ ആവര്‍ത്തിക്കാനാണോ ഈ സര്‍ക്കാര്‍ ഇരിക്കുന്നത് എന്ന് പറയണമെന്നും ചെന്നിത്തല പറഞ്ഞു. എന്ത് ചെയ്താലും കഴിഞ്ഞ സര്‍ക്കാരും ചെയ്തിരുന്നു എന്നാണ് പറയുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മറ്റൊരു വിഷയമാണ്. അഞ്ചു കൊല്ലം കൊണ്ട് എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്ന സര്‍ക്കാരാണിത്.

കേരള ഹൗസിലെ ലാസ്റ്റ് ഗ്രേഡ് നിയമനങ്ങള്‍ സ്ഥിരപ്പെടുത്തിയത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ശുപാര്‍ശപ്രകാരമാണ്. അതും ഇതും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ല. 

ഒരു മാര്‍ഗവുമില്ലാതെ എല്ലാ മാര്‍ഗവും അടഞ്ഞപ്പോഴാണ് പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ് സമരത്തിനിറങ്ങിയത്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം ഇതുവരെ ഒരു റാങ്ക് ലിസ്റ്റും നീട്ടികൊടുത്തിരുന്നില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് വന്നപ്പോളാണ് ഒരുതവണ നീട്ടിയത്. ഉദ്യോഗാര്‍ഥികളോട് ക്രൂരത കാട്ടിയ ഒരു സര്‍ക്കരാണിത്. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞ് അടിച്ചമര്‍ത്തുകയാണ്. 

ശബരിമല വിഷയത്തില്‍ സിപിഎം കള്ളക്കളി അവസാനിപ്പിക്കണം. എം.എ.ബേബി ആദ്യം പറഞ്ഞതില്‍ നിന്ന് മലക്കം മറഞ്ഞത് പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച ശാസനയെ തുടര്‍ന്നാണെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.