വ്യാപാരിയുടെ നേരേ പ്രാദേശിക കോൺഗ്രസ് നേതാവിൻ്റെ ആക്രമണം; കട ഗുണ്ടകൾ അടിച്ചുതകർത്തു; എഫ്ഐആർ ഇടാതെ കഠിനംകുളം പൊലീസ്; കാരണം മാധ്യമങ്ങൾ അന്വേഷിക്കേണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പി

single-img
6 February 2021
shop vandalized thiruvananthapuram congress leader imamudheen

തിരുവനന്തപുരം: പ്രാദേശിക കോൺഗ്രസ് നേതാവ് വ്യാപാരിയെ മർദ്ദിക്കുകയും ഗുണ്ടകളെ വിട്ട് കട അടിച്ച് തകർക്കുകയും ചെയ്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ കഠിനംകുളം പൊലീസ്. എഫ്ഐആർ ഇടാത്തതിൻ്റെ കാരണം മാധ്യമങ്ങൾ അന്വേഷിക്കേണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്പിയുടെ ദാർഷ്ട്യം.

ഇക്കഴിഞ്ഞ ജനുവരി 15-നാണ് ചിറ്റാറ്റുമുക്ക് മിജിൽ മൻസിലിൽ മിജിൽ ബി എന്ന വ്യാപാരിയെ ചിറ്റാറ്റുമുക്ക് പള്ളിയിൽ ജുമാ നിസ്കാരം കഴിഞ്ഞിറങ്ങിവരുമ്പോൾ പ്രാദേശിക കോൺഗ്രസ് നേതാവും കോൺഗ്രസിൻ്റെ പ്രവാസികാര്യ സംഘടനയായ അബുദാബി ഇൻകാസിൻ്റെ തിരുവനന്തപുരം ജില്ലാ രക്ഷാധികാരിയുമായ ഇമാമുദ്ദീൻ (Imamudheen MH) ആക്രമിച്ചത്. ഇമാമുദ്ദീൻ തന്നെ മർദ്ദിക്കുകയും കല്ലെടുത്തെറിയുകയും ചെയ്തതായി മിജിൽ ആരോപിക്കുന്നു.

imamudheen

അന്നേദിവസം തന്നെ താൻ കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും എന്നാൽ പരാതി നൽകിയ ദിവസം വൈകുന്നേരം ഒരു സംഘം കൊട്ടേഷൻ ഗുണ്ടകൾ തൻ്റെ വീടാക്രമിക്കാൻ എത്തുകയും അയൽവാസികളും വാർഡ് മെമ്പറുമടക്കമുള്ളവർ എത്തിയതിനെത്തുടർന്ന് ഗുണ്ടകൾ സ്ഥലം വിടുകയും ചെയ്തതായി മിജിലിൻ്റെ പരാതിയിൽപ്പറയുന്നു. ഇക്കാര്യം കാണിച്ച് താൻ വീടിരിക്കുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനായ കഠിനംകുളം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും മിജിൽ ഇവാർത്തയോട് പറഞ്ഞു.

എന്നാൽ ജനുവരി 16-ന് നൽകിയ പരാതിയിൽ ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് ഫെബ്രുവരി അഞ്ച് വെള്ളിയാഴ്ച കഠിനംകുളം പൊലീസ് സ്റ്റേഷനിൽ വിവരമന്വേഷിക്കാൻ മിജിൽ പോയിരുന്നു. ഇമാമുദ്ദീൻ്റെ ഭാഗത്തുനിന്നും തൻ്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്ന് മിജിൽ എസ്ഐയെ ബോധിപ്പിച്ചു. എന്നാൽ പരാതി ബോധിപ്പിക്കാൻ പോയി തിരികെയെത്തുന്നതിന് മുന്നേ മിജിലിൻ്റെ ചിറ്റാറ്റുമുക്കിലുള്ള വെയിറ്റ് അലുമിനിയം സെൻ്റർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം ഒരു സംഘം ഗുണ്ടകൾ അടിച്ചു തകർത്തു. അടച്ചിട്ടിരുന്ന കടയുടെ മുൻവശവും സിസിടിവി ക്യാമറകളും ഫ്ലക്സ് ബോർഡുമാണ് ഗുണ്ടകൾ തകർത്തത്.

എന്നാൽ ഈ പരാതികളിലൊന്നും നടപടി സ്വീകരിക്കുകയോ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത സമീപനമാണ് കഠിനംകുളം പൊലീസ് സ്വീകരിക്കുന്നത്. എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൻ്റെ വിശദീകരണം ചോദിച്ച ഇവാർത്തയോട് “ രണ്ടുകൂട്ടരെയും വിളിച്ചിരുത്തി സംസാരിച്ചു”വെന്നും “കട അടിച്ചുതകർത്തിട്ടില്ല, കടയുടെ മുന്നിലെ ഫ്ലക്സ് ബോർഡ് മാത്രമാണ്” അടിച്ചുതകർത്തതെന്നുമാണ് കഠിനംകുളം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. കുറ്റാരോപിതൻ്റെ പക്ഷം ചേർന്നെന്ന പോലെയായിരുന്നു പൊലീസിൻ്റെ പ്രതികരണം. പ്രാദേശിക കോൺഗ്രസ് നേതാവും പ്രമാണിയുമായ ഇമാമുദ്ദീന് ഉന്നത സ്വാധീനമാണുള്ളത്. തൻ്റെ വീട്ടിലെത്തിയ കൊട്ടേഷൻ ഗുണ്ടകൾ ഒരു കെപിസിസി അംഗത്തിൻ്റെ പേര് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും മിജിൽ ആരോപിക്കുന്നു.

Madhu PK IPS , Thiruvananthapuram Rural SP
മധു പികെ IPS, തിരുവനന്തപുരം റൂറൽ എസ്പി

കഠിനംകുളം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതിൻ്റെ കാരണം മാധ്യമങ്ങളോട് വിശദീകരിക്കേണ്ടതില്ലെന്നായിരുന്നു പുതിയതായി നിയമിതനായ തിരുവനന്തപുര റൂറൽ എസ്പി മധു പികെ ഐപിഎസിൻ്റെ ദാർഷ്ട്യത്തോടെയുള്ള പ്രതികരണം. “കാരണമറിയാൻ വേണമെങ്കിൽ വിവരാവകാശപ്രകാരം അപേക്ഷ കൊടുക്കാനും” അദ്ദേഹം പറഞ്ഞു. ഇമാമുദ്ദീൻ എന്ന വ്യക്തിയുടെ ഉന്നതസ്വാധീനം വെളിവാക്കുന്നതാണ് ജില്ലാ പൊലീസ് മേധാവിയുടേതടക്കമുള്ള ഇത്തരം പ്രതികരണങ്ങൾ.

അതേസമയം ഇത്തരമൊരു പരാതി കിട്ടിയാൽ കൊഗ്നിസബിൾ ആണെങ്കിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നും തിരുവനന്തപുരം റേഞ്ച് ഡിഐജി കെ സഞ്ജയ് കുമാർ ഇവാർത്തയോട് പ്രതികരിച്ചു.

തൻ്റെ ജീവനും സ്വത്തിനും ഇമാമുദ്ദീൻ്റെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച് മിജിൽ റൂറൽ എസ്പിയ്ക്കും ഡിഐജിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിട്ടുണ്ട്.

Local Congress leader attacked me; His goons vandalized my shop; Police idle: Thiruvananthapuram shop owner’s complaint to the CM